ഒട്ടാവ: കാനഡയിലെ സാധാരണക്കാരുടെ സാമ്പത്തിക അടിത്തറ ഇളക്കി ഭവനവായ്പാ ബാധ്യതകൾ റെക്കോർഡ് ഉയരത്തിലേക്ക്. 2025-ന്റെ അവസാന പാദത്തിലെ കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ മോർട്ട്ഗേജ് കടം 1.95 ട്രില്യൺ ഡോളറിലെത്തിയതായി ഇക്വിഫാക്സ് കാനഡ (Equifax Canada) പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 2.6 ശതമാനം വർധനവാണ് കടബാധ്യതയിലുണ്ടായിരിക്കുന്നത്. പലിശ നിരക്കുകൾ ഏകദേശം സ്ഥിരതയാർജ്ജിച്ചെങ്കിലും, ഉയർന്ന ലോൺ തുകകളും വർധിച്ച ജീവിതച്ചെലവും സാധാരണക്കാരായ വായ്പക്കാരെ, പ്രത്യേകിച്ച് ഒന്റാറിയോ പോലുള്ള നഗരങ്ങളിൽ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
നിലവിൽ രാജ്യം ഒരു വൻതോതിലുള്ള ‘മോർട്ട്ഗേജ് റിന്യൂവൽ’ തരംഗത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണെന്ന് കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിംഗ് കോർപ്പറേഷൻ (CMHC) വിലയിരുത്തുന്നു. 2025 അവസാനത്തോടെ 15 ലക്ഷത്തോളം കുടുംബങ്ങൾ തങ്ങളുടെ വായ്പകൾ പുതുക്കി നിശ്ചയിച്ചു കഴിഞ്ഞു. 2026-ൽ പത്ത് ലക്ഷത്തോളം കുടുംബങ്ങൾ കൂടി ഈ പട്ടികയിലേക്ക് എത്തും. ലോൺ പുതുക്കുമ്പോൾ പലിശ നിരക്കിലുണ്ടാകുന്ന പെട്ടെന്നുള്ള വർധനവ് പല കുടുംബങ്ങളുടെയും മാസ ബജറ്റിനെ തകിടം മറിക്കുകയാണ്. ഇത് ഒഴിവാക്കാൻ പലരും നിലവിലുള്ള ബാങ്കുകളിൽ നിന്ന് മാറി മറ്റ് വായ്പാ ദാതാക്കളെ തേടുന്ന പ്രവണതയും രാജ്യത്ത് ശക്തമായിട്ടുണ്ട്.
ഭവന വിപണിയിലേക്കുള്ള പുതുതലമുറയുടെ പ്രവേശനം കൂടുതൽ ദുഷ്കരമായിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പുതിയ വായ്പകളുടെ ശരാശരി തുക 4.1 ശതമാനം വർധിച്ച് 3,63,778 ഡോളറിലെത്തി. ആദ്യമായി വീട് വാങ്ങുന്നവരെയാണ് ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. ഇവരുടെ ശരാശരി വായ്പാ തുക 5 ശതമാനം ഉയർന്ന് 4,41,301 ഡോളറായി. വീടുകളുടെ വിലയും വരുമാനവും തമ്മിലുള്ള വലിയ അന്തരം വലിയൊരു വിഭാഗം ജനങ്ങളെയും സ്വന്തമായി വീട് എന്ന സ്വപ്നത്തിൽ നിന്ന് പിന്നോട്ടടിക്കുന്നു.
പലിശ നിരക്ക് കുറഞ്ഞാൽ പോലും ഉയർന്ന പ്രിൻസിപ്പൽ തുക തിരിച്ചടയ്ക്കുന്നത് പലർക്കും അസാധ്യമായി മാറുകയാണ്. സാധാരണക്കാർക്ക് താങ്ങാനാവുന്ന ചെലവിൽ വീടുകൾ ലഭ്യമാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ഇക്കണോമിസ്റ്റ് മൈക്ക് മൊഫാറ്റ് പറയുന്നു. 2004-ന് ശേഷം കാനഡക്കാരുടെ വരുമാനത്തിൽ 76 ശതമാനം വർധനവുണ്ടായപ്പോൾ, വീടുകളുടെ വിലയിൽ 265 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് ഉണ്ടായത്.
വീട് നിർമ്മാണ മേഖലയിലെ ചെലവ് കുറയ്ക്കുന്നതിനും സോണിംഗ് നിയമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുന്നതിനും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും മൈക്ക് മൊഫാറ്റ് നിർദ്ദേശിക്കുന്നു. വരും വർഷങ്ങളിൽ വായ്പാ തിരിച്ചടവ് മുടങ്ങുന്നവരുടെ എണ്ണം ഇനിയും വർധിക്കുമെന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധർ.
mortgage-debt-soars-starter-homes
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



