കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിൻറെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ 8.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം 12 മണിയോടെ കുടുംബം താമസിക്കുന്ന തൃപ്പൂണിത്തുറയിലെ ശ്രീകൃഷ്ണ എൻക്ലേവിൽ പൊതുദർശനത്തിന് വച്ചു. തൃപ്പൂണിത്തുറയിലെ ശ്മശാനത്തിലാണ് സംസ്കാര ചടങ്ങ്.
പരിശീലന പറക്കലിനിടെയാണ് ശ്രീഹരിയുടെ വിമാനം മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. മാനിറ്റേബയിലെ സ്റ്റെയിൻബാച്ച് മേഖലയിൽ ജൂലൈ 9 ന് പ്രാദേശിക സമയം രാവിലെ 8:45 നാണ് അപകടം ഉണ്ടായത്. ശ്രീഹരിയും കാനഡയിൽ നിന്നുള്ള സാവന്ന മെയ് റോയ്സുമാണ് മരിച്ചത്. വിമാനം ടേക്ക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനും പരിശീലിക്കുന്നതിനിടെ കൂട്ടിയിടിക്കുകയായിരുന്നു. സ്വകാര്യ ലൈസൻസ് നേടിയ ശ്രീഹരി കമേഴ്സ്യൽ ലൈസൻസിനുള്ള പരിശീലനത്തിൽ ആയിരുന്നു. ആശയ വിനിമയ സംവിധാനത്തിലെ പിഴവാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൂട്ടിയിടിച്ച വിമാനങ്ങൾ എയർ സ്ട്രിപ്പിന് 400 മീറ്റർ അകലെയുള്ള പാടത്താണ് തകർന്നു വീണത്.
പോസ്റ്റ്മോർട്ടം നടപടികൾക്ക് പിന്നാലെ കാനഡ സർക്കാരിൽ നിന്ന് രേഖകൾ കിട്ടാൻ വൈകിയതാണ് ശ്രീഹരിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ കാലതാമസം ഉണ്ടായത്. ഒന്നരവർഷം മുൻപാണ് പൈലറ്റ് പരിശീലനത്തിനായി ശ്രീഹരി കാനഡയിേലക്ക് പോയത്. തൃപ്പൂണിത്തുറ ന്യു റോഡിലെ കൃഷ്ണ എൻക്ലേവിൽ സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥനായ സുകേഷിന്റെയും യുഎസ്ടി ഗ്ലോബൽ ഉദ്യോഗസ്ഥ ദീപയുടെയും മകനാണ് ശ്രീഹരി.
Mortal remains of trainee pilot killed in Canada flown in



