വാടക നിയന്ത്രണം ആവശ്യപ്പെട്ടു മോൺട്രിയലിൽ പ്രതിഷേധം. മഴയേയും അവഗണിച്ച് തെരുവിലിറങ്ങിയ പ്രതിഷേധക്കാർ വാടക വർധനവ് ന്യായീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി. ക്യുബെക് സർക്കാരിന്റെ വാടക കയറ്റത്തിനെതിരായ നടപടികൾ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്താണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മോൺട്രിയലിൽ പ്രതിഷേധം സംഘടിപ്പിച്ചത്. മഴ പെയ്യുന്ന സാഹചര്യമുണ്ടായിരുന്നുവെങ്കിലും, അത് അവഗണിച്ചുകൊണ്ടായിരുന്നു ജനങ്ങൾ തെരുവിൽ ഇറങ്ങിയത്.
വാടക നിയന്ത്രണത്തിന് കൃത്യമായ നിയമമില്ലാത്തതിനാലാണ് ആധുനിക ജീവിത ചെലവുകൾ സാധാരണ ജനങ്ങൾക്ക് താങ്ങാനാവത്തത് എന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. രാജ്യവ്യാപകമായി വാടക കുതിച്ചുയരുന്നതായി നിരവധി റിപ്പോർട്ടുകൾ ഉണ്ടാകുമ്പോഴാണ് ഈ പ്രതിഷേധം നടന്നത്.
പ്രതിഷേധക്കാർ കുടിയിരിപ്പ് സുരക്ഷയ്ക്ക് വ്യക്തമായ നിയമപരിരക്ഷ വേണമെന്ന് ആവശ്യപ്പെട്ടു. “ഒരു വീടുള്ളത് ആനുകൂല്യമല്ല, അവകാശമാണ്” എന്നായിരുന്നു പ്രകടനത്തിൽ മുഴങ്ങിയ ശക്തമായ മുദ്രാവാക്യം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിലനിന്ന നിയമരൂപീകരണത്തെ വീണ്ടും നടപ്പാക്കിയതിന്റെ ഫലമായി, പലരുടെയും വാടക താങ്ങാനാകാത്ത നിലയ്ക്ക് എത്തിപ്പെട്ടുവെന്നാണ് പ്രധാന ആരോപണം.
“ജീവിക്കാൻ യോഗ്യമായ വാടക എന്നത് ആധുനിക നഗര ജീവിതത്തിൽ ഒരു അടിസ്ഥാനാവകാശമാണെന്ന് ഭരണകൂടം തിരിച്ചറിയണം” എന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രവിശ്യകളിലുടനീളമുള്ള വാടകക്കാർ കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും വലിയ വാടക വർദ്ധനവിനെയാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ ക്യുബെക്കിന്റെ ഭവന മന്ത്രി ഫ്രാൻസ്-എലൈൻ ഡ്യൂറൻസോ കഴിഞ്ഞ മാസം വാടക വർദ്ധന കണക്കാക്കുന്നതിനുള്ള പുതിയ ഫോർമുല അവതരിപ്പിച്ചു.
ഉപഭോക്തൃ വില സൂചികയുടെ (CPI) കഴിഞ്ഞ മൂന്ന് വർഷത്തെ ശരാശരി അടിസ്ഥാനമാക്കിയുള്ള ഈ പുതിയ ഫോർമുല, വാടകക്കാർക്കും, വീട്ടുടമസ്ഥർക്കും ഒരേ പോലെ തുല്യവും ന്യായമായതുമായ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുമെന്ന് ഭവന മന്ത്രി ഫ്രാൻസ്-എലൈൻ ഡ്യൂറൻസോ വ്യക്തമാക്കി. ഈ രീതിയിലൂടെ വാടക വർദ്ധനവിലെ കുതിപ്പ് ഒഴിവാക്കുകയും, ഭവന മേഖലയിൽ വാടകക്കാർക്കും ഉടമസ്ഥർക്കും കൂടുതൽ സ്ഥിരതയും പ്രതീക്ഷയും നൽകാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
ഇതോടെ വാർഷിക വ്യത്യാസങ്ങൾ കുറയുകയും, നിഗമനങ്ങൾക്ക് ആധികാരികതയേറും എന്നും മന്ത്രി പറഞ്ഞു. എന്നാൽ, Regroupement des comités logement et Associations de locataires du Québec (RCLALQ) എന്ന വാടകക്കാർക്കുള്ള സംഘടന പുതിയ ഫോർമുലക്കെതിരെ ശക്തമായി രംഗത്തുവന്നു. നിയമം പിൻവലിക്കണം എന്നും വാടകക്കാർക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ടെന്നുമാണ് അവർ ആവശ്യപ്പെടുന്നത്. ഇതിനായി അവർ ദേശീയ അസംബ്ലിയിൽ നിവേദനം സമർപ്പിക്കുന്നതിനു തയ്യാറെടുക്കുകയാണ്.






