മോങ്ക്ടൺ : മോങ്ക്ടൺ നഗരത്തിൽ അമിത അളവിലുള്ള മരുന്നുപയോഗത്തെ തുടർന്നുണ്ടായ പ്രതിസന്ധി അയയുന്നു. നഗരത്തിൽ ദിവസേന അൻപതോളം ഉണ്ടായിരുന്ന ഇത്തരം കോളുകൾ ഇപ്പോൾ അഞ്ചായി കുറഞ്ഞതായി മോങ്ക്ടൺ ഫയർ ചീഫ് കോൺറാഡ് ലാൻഡ്രി വ്യക്തമാക്കി. കഴിഞ്ഞ മെയ് അവസാനത്തോടെയായിരുന്നു നഗരത്തിൽ അമിത അളവിലുള്ള മരുന്നുപയോഗം മൂലമുള്ള കോളുകൾ കുത്തനെ ഉയർന്നത്. തുടർന്ന് ആഴ്ചകളോളം ഫയർ ഡിപ്പാർട്ട്മെന്റിന് പ്രതിദിനം ശരാശരി 50 ഓവർഡോസ് കോളുകൾ ലഭിച്ചിരുന്നു. എന്നാൽ ഓഗസ്റ്റ് പകുതിയോടെ ഇത് നാലോ അഞ്ചോ ആയി കുറഞ്ഞതായി ഫയർ ചീഫ് അറിയിച്ചു.
സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെങ്കിലും കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കോൺറാഡ് ലാൻഡ്രി പറഞ്ഞു. മായം കലർന്നതോ വീര്യം കൂടിയതോ ആയ മരുന്നുകൾ വീണ്ടും എത്താനുള്ള സാധ്യത മുന്നിൽ കണ്ട് ജാഗ്രത തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്നുകളിൽ ഫെന്റനീലുമായി ചേർക്കുന്ന ‘മെഡെടോമിഡിൻ’ എന്ന ശക്തമായ മൃഗവൈദ്യശാസ്ത്ര ട്രാൻക്വിലൈസർ കണ്ടെത്തിയതായി ഈ പ്രതിസന്ധിക്കിടെ പൊതുജനാരോഗ്യ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ വർഷം ഓഗസ്റ്റ് അവസാനം വരെയുള്ള കണക്കുകൾ പ്രകാരം ഫയർ ഡിപ്പാർട്ട്മെന്റിന് ലഭിച്ച ആകെ 7,373 കോളുകളിൽ മൂന്നിൽ രണ്ടുഭാഗവും മെഡിക്കൽ കോളുകളായിരുന്നു. ഇതിൽ 983 എണ്ണം ഓവർഡോസ് കോളുകളാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 470 മാത്രമായിരുന്നു. ബോധരഹിതരായി വീഴുന്നവരെക്കുറിച്ചുള്ള 1,431 കോളുകളും ഈ കണക്കുകളിൽ ഉൾപ്പെടുന്നുണ്ട്.
പ്രതിസന്ധി നേരിടാനായി അഗ്നിശമന സേന പുതിയ പിക്കപ്പ് ട്രക്ക് സർവീസ് നേരത്തെ ആരംഭിച്ചിരുന്നു. ജൂൺ 12 നും ഓഗസ്റ്റ് അവസരത്തിനും ഇടയിൽ ഈ വാഹനം 799 കോളുകൾക്ക് മറുപടി നൽകി. വലിയ വാഹനങ്ങൾ മറ്റു അത്യാഹിതങ്ങൾക്ക് വിന്യസിക്കാൻ ഇത് സഹായിച്ചതായും വേഗത്തിൽ സ്ഥലത്തെത്താൻ പുതിയ വാഹനം ഉപകരിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








