ദില്ലി : 12, 13 തീയതികളിൽ നടക്കുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിന്റെ ഭാഗമായി, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നാളെ ഡൽഹിയിലെത്തും. ഇന്ത്യയിലെത്തുന്ന പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. വാണിജ്യ – സാമ്പത്തിക സഹകരണങ്ങൾക്കൊപ്പം യുക്രെയ്ൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണുന്നതും ചർച്ചയിലെ പ്രധാന അജണ്ടയാകും.
ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി ഇന്ന് ഇന്ത്യയിലെത്തുന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെഷകിയാനുമായും പ്രധാനമന്ത്രി മോദി ചർച്ചകൾ നടത്തും. പശ്ചിമേഷ്യൻ സംഘർഷങ്ങൾ അതീവ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലുള്ള ഈ കൂടിക്കാഴ്ച ഏറെ നയതന്ത്ര പ്രാധാന്യമുള്ളതാണ്. ഉച്ചകോടിയുടെ സുരക്ഷയ്ക്കായി ഡൽഹിയിൽ അതീവ ശക്തമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
റഷ്യൻ പിന്തുണയോടെ പുതിയ ആണവോർജ നിലയങ്ങൾ സ്ഥാപിക്കുക, സുഖോയ് – 52 ഫൈറ്റർ എയർക്രാഫ്റ്റുകളുടെ കൈമാറ്റം തുടങ്ങിയ നിർണ്ണായക വിഷയങ്ങൾ ഇരുനേതാക്കളുടെയും ചർച്ചയിൽ ഉൾപ്പെടുമെന്ന് പെസ്‌കോവ് വ്യക്തമാക്കിയിട്ടുണ്ട്. ബ്രിക്‌സിന്റെ വികസനത്തിനായി എല്ലാ പിന്തുണയും നൽകാൻ റഷ്യ തയ്യാറാണെന്നും, കൂടുതൽ രാജ്യങ്ങളെ വിവിധ വിഭാഗങ്ങളിലായി ഉൾപ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയമായ അടിച്ചമർത്തലുകൾ ഒഴിവാക്കാൻ സാധ്യമായ എല്ലാ രീതിയിലും പ്രാദേശിക കറൻസികളിൽ വ്യാപാരം നടത്താനാണ് റഷ്യ ശ്രമിക്കുന്നതെന്ന് പെസ്‌കോവ് വ്യക്തമാക്കി. നിലവിൽ റഷ്യ സ്വന്തം കറൻസിയിലാണ് 90 ശതമാനം ഇടപാടുകളും നടത്തുന്നതെന്നും, എന്നാൽ ഇത് ഡീ-ഡോളറൈസേഷൻ ലക്ഷ്യമിട്ടുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 2011-ൽ സൗത്ത് ആഫ്രിക്ക കൂടി ചേർന്നാണ് ഇന്നത്തെ ബ്രിക്‌സ് കൂട്ടായ്മയായി മാറിയത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








