ഇന്ത്യൻ തിരിച്ചടിയിൽ ഭയന്നുവിറച്ച പാകിസ്താൻ, ലോകത്തോട് കരഞ്ഞപേക്ഷിച്ചെന്ന് പ്രധാനമന്ത്രി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദം പാക്കിസ്ഥാൻ അവസാനിപ്പിച്ചേ മതിയാവൂ. അതല്ലാതെ സമാധാനത്തിലേക്ക് മറ്റൊരു മാർഗമില്ല. ഭീകരതയും ചർച്ചയും ഒന്നിച്ചു പോകില്ല. വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ലെന്നും മോദി പറഞ്ഞു. ആണവ ഭീഷണി വകവച്ചു നൽകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഈ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. സേനകൾക്ക് സല്യൂട്ട് പറഞ്ഞ അദ്ദേഹം പോർമുഖത്ത് സേനകൾ അസാമാന്യ ധൈര്യവും, പ്രകടനവും കാഴ്ച വച്ചുവെന്ന് പ്രശംസിച്ചു. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായ എല്ലാവർക്കും അഭിവാദ്യമർപ്പിക്കുകയും ചെയ്തു. പഹൽഗാമിലേക്ക് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് മോദി കുറ്റപ്പെടുത്തി. അമ്മമാർക്കും, ഭാര്യമാർക്കും ,കുഞ്ഞുങ്ങൾക്കും മുന്നിലാണ് ഭീകരരുടെ വെടിയേറ്റ് നിഷ്‌കളങ്കരായ 26 പേർ പിടഞ്ഞുവീണ് മരിച്ചത്. മതത്തിൻ്റെ പേരിലാണ് ഭീകരർ ആക്രമണം നടത്തിയത്. ഓപ്പറേഷൻ സിന്ദൂർ വെറുമൊരു പേരല്ല. അതിൽ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വികാരമാണ് പ്രതിഫലിച്ചത് എന്നും വ്യക്തമാക്കി.
100 തീവ്രവാദികളെയാണ് വകവരുത്തിയത്. ആഗോള തീവ്രവാദവുമായി ബന്ധമുള്ള കേന്ദ്രങ്ങളാണ് തകർത്തത്. പാകിസ്താൻ നമ്മുടെ സ്കൂളുകളും കോളജുകളും ആരാധനാലയങ്ങളും ലക്ഷ്യമിട്ടു. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം പാകിസ്താന്റെ ഡ്രോണുകളെ ആകാശത്തിൽ വച്ച് ഭസ്മം ആക്കി. കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്താന്റെ ശരിക്കുമുള്ള മുഖം പുറത്തുവന്നു. പാകിസ്താന്റെ ഹൃദയത്തിൽ വരെ ഇന്ത്യ തിരിച്ചടിച്ചു. ഇരകളുടെ മതം തെരഞ്ഞാണ് ഭീകരർ ആക്രമിച്ചത്. മൂന്ന് സേനകളും ബിഎസ്എഫും സൈനിക വിഭാഗവും അതീവ ജാഗ്രതയിൽ തന്നെയാണ്. ഓപ്പറേഷൻ സിന്ദൂർ ഭാരതത്തിന്റെ നീതികൂടിയാണെന്നും ഭാരതത്തിന്റെ ഭീകരതക്കെതിരെയുള്ള നയമാണെന്നും അദ്ദേഹം പറഞ്ഞു






