കാൽഗറി: കാനഡയിലെ പ്രശസ്തമായ ബാൻഫ് നാഷണൽ പാർക്കിലെ ആഴമേറിയതും അതിശക്തമായി ഒഴുക്കുള്ളതുമായ അരുവിയിലേക്ക് ചാടി കാണാതായ യുവാവിന്റെ മൃതദേഹം ഒടുവിൽ കണ്ടെടുത്തു. ആൽബർട്ട സന്ദർശിക്കാനെത്തിയ അരിസോണ സ്വദേശിയായ 25-കാരൻ പാവ്ലോ ഷെംചുക് ആണ് മരിച്ചത്.
കഴിഞ്ഞ മെയ് 1-നാണ് സംഭവം നടന്നത്. ബന്ധുവിനും അടുത്ത സുഹൃത്തിനുമൊപ്പം കാനഡയിൽ ടൂറിനെത്തിയ പാവ്ലോ, പ്രശസ്തമായ ജോൺസ്റ്റൺ കാന്യോണിലെ അരുവിയിലേക്ക് കൊക്കയിൽ നിന്നും എടുത്തുചാടുകയായിരുന്നു. വെള്ളത്തിലേക്ക് ചാടിയ യുവാവ് പിന്നീട് മുകളിലേക്ക് പൊങ്ങി വന്നില്ല. തുടർന്ന് പാർക്ക് അധികൃതരും റോയൽ കനേഡിയൻ മൗണ്ടഡ് പോലീസും (RCMP) ചേർന്ന് വിപുലമായ തിരച്ചിൽ നടത്തിയെങ്കിലും കനത്ത ഒഴുക്കും പ്രതികൂല കാലാവസ്ഥയും കാരണം ഏതാനും ദിവസങ്ങൾക്ക് ശേഷം തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. അപകടത്തിൽ യുവാവ് മരണപ്പെട്ടിരിക്കാമെന്ന നിഗമനത്തിലായിരുന്നു പോലീസ്.
എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ച, ജോൺസ്റ്റൺ ക്രീക്കിൽ ലോവർ ഫാൾസിന് താഴെയായി ഒരു മൃതദേഹം പൊങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പാർക്സ് കാനഡ അധികൃതർ വീണ്ടും രംഗത്തിറങ്ങുകയും മൃതദേഹം കരയ്ക്കടുപ്പിക്കുകയുമായിരുന്നു. മൃതദേഹം പിന്നീട് പോലീസിന് കൈമാറി.
രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ജോൺസ്റ്റൺ കാന്യോൺ പാതയും പരിസര പ്രദേശങ്ങളും താൽക്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്. മരിച്ച യുവാവിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും പാർക്സ് കാനഡ അധികൃതർ ആദരാഞ്ജലികൾ രേഖപ്പെടുത്തി.
Missing tourist’s body pulled from Banff creek: Parks Canada
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





