ഫിഫ ക്ലബ്ബ് ലോകകപ്പിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്ക് നിരാശാജനകമായ സമനില. അവസാന ഗ്രൂപ്പ് മത്സരത്തിൽ ബ്രസീലിയൻ ക്ലബ്ബായ പാമിറാസിനെതിരെ 2-2 സമനിലയിൽ പിരിഞ്ഞതോടെ മയാമിക്ക് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിനുള്ള സുവർണ്ണാവസരം നഷ്ടമായി. രണ്ട് ഗോളുകൾക്ക് മുന്നിൽ നിന്നിട്ടും അവസാന നിമിഷങ്ങളിൽ ലീഡ് കൈവിട്ടത് മയാമിക്ക് വലിയ തിരിച്ചടിയായി.
മത്സരത്തിൽ 16-ാം മിനിറ്റിൽ ടാഡിയോ അല്ലെൻഡോയിലൂടെ മയാമി ആദ്യ ഗോൾ നേടി. ആദ്യ പകുതിയുടെ അധികസമയത്ത് മെസ്സിക്ക് യെല്ലോ കാർഡ് ലഭിച്ചെങ്കിലും 65-ാം മിനിറ്റിൽ ലൂയിസ് സുവാരസിലൂടെ മയാമി സ്കോർ ഇരട്ടിയാക്കി. എന്നാൽ 80-ാം മിനിറ്റിൽ പൗളീഞ്ഞോയുടെ ഗോളോടെ പാൽമിറാസിന്റെ തിരിച്ചുവരവ് ആരംഭിച്ചു. 87-ാം മിനിറ്റിൽ മൗറീഷ്യോയുടെ ഗോളോടെ പാൽമിറാസ് സമനില കണ്ടെത്തി.
ഈ സമനിലയോടെ പാൽമിറാസിനും ഇന്റർ മയാമിക്കും അഞ്ച് പോയിന്റ് വീതമായെങ്കിലും ഗോൾ വ്യത്യാസത്തിൽ പാൽമിറാസ് ഗ്രൂപ്പ് എയിലെ ചാമ്പ്യൻമാരായി. ഇതോടെ നോക്കൗട്ട് ഘട്ടത്തിൽ പാമിറാസ് മറ്റൊരു ബ്രസീലിയൻ ക്ലബ്ബായ ബോട്ടഫോഗോയെ നേരിടുമ്പോൾ, ഇന്റർ മയാമിക്ക് ഫ്രഞ്ച് ചാമ്പ്യൻമാരായ പാരീസ് സെന്റ് ജെർമെയ്‌നുമായി പ്രീക്വാർട്ടറിൽ ഏറ്റുമുട്ടേണ്ടിവരും.
മെസ്സിയുടെ സാന്നിധ്യത്തിൽ അന്താരാഷ്ട്ര വേദിയിൽ നിന്ന് ഇന്റർ മയാമിക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തുവരാത്തതും ടൂർണമെന്റിൽ അവരുടെ യാത്രയെ കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കിയിരിക്കുന്നു. മെസ്സിയുടെ പഴയ ക്ലബ്ബായ പാരീസ് സെന്റ് ജെർമെയ്‌നിനെതിരായ നോക്കൗട്ട് മത്സരം മയാമിയുടെ ചാമ്പ്യൻഷിപ് സ്വപ്നങ്ങൾക്ക് നിർണായകമാകും.






