ബ്രോക്കൺ ഹാർട്ട് സിൻഡ്രോം മൂലമുള്ള പുരുഷന്മാരുടെ മരണനിരക്ക് സ്ത്രീകളുടേതിനേക്കാൾ ഇരട്ടിയിലേറെയെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ കണക്ക്. അമേരിക്കയിലെ 200000 ആശുപത്രികളിൽ നിന്ന് ശേഖരിച്ച ഡാറ്റ പരിശോധിച്ച ശേഷമാണ് അസോസിയേഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. 2016 മുതൽ 2020 വരെയുള്ള കാലയളവിലെ വിവരങ്ങളാണ് ശേഖരിച്ചത്. ബ്രോക്കൺ ഹാർട്ട് സിൻഡ്രോമുമായി ആശുപത്രിയിലെത്തിയ കേസുകളിൽ 83 ശതമാനവും സ്ത്രീകളാണെങ്കിലും പുരുഷന്മാരിലെ മരണനിരക്ക് ഇരട്ടിയിലധികം കൂടുതലാണ്. ഈ അവസ്ഥ മൂലമുള്ള മരണനിരക്ക് സ്ത്രീകളിൽ 5.5 ശതമാനമാണ്. എന്നാൽ പുരുഷന്മാരുടെ മരണനിരക്ക് 11.2 ശതമാനമാണ്.
മാനസികവും ശാരീരികവുമായ സ്‌ട്രെസ് മൂലം ഹൃദയത്തിനുണ്ടാകുന്ന തകരാറിനെയാണ് ബ്രോക്കൺ ഹാർട്ട് സിൻഡ്രോം എന്ന് വിളിക്കുന്നത്. ഹൃദയാഘാതത്തിന് സമാനമായ ബുദ്ധിമുട്ടുകളാണ് ഈ അവസ്ഥയിലുമുണ്ടാകുക. നെഞ്ചുവേദനയും ശ്വാസതടസ്സവും തന്നെയാണ് പ്രധാന ലക്ഷണങ്ങൾ. ബ്രോക്കൺ ഹാർട്ട് സിൻഡ്രോം ഹൃദയാഘാതം, ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചുപോകുന്ന അവസ്ഥ, സ്‌ട്രോക് മുതലായവയിലേക്ക് നയിച്ചേക്കാം. സ്‌ട്രെസിനോട് സ്ത്രീകളുടേയും പുരുഷന്മാരുടേയും ശരീരങ്ങൾ പ്രതികരിക്കുന്നതിലെ വ്യത്യാസം കൊണ്ടാണ് ഇത് സംഭവിക്കുന്നത്. മാനസിക സമ്മർദം പ്രകടിപ്പിക്കുന്നതിനും മറ്റുള്ളവരോട് പങ്കുവയ്ക്കുന്നതിനും പുറത്തുനിന്ന് പിന്തുണയും സഹായവും തേടുന്നതിനും പുരുഷന്മാർക്കുള്ള വിമുഖതയും മരണനിരക്ക് ഉയരാൻ കാരണമാകുന്നുണ്ട്. കൃത്യമായ ബോധവത്കരണം കൊണ്ട് മാത്രമേ ഇതിനെ മറികടക്കാനാകൂ. 61 വയസിന് ശേഷം ഹൃദയത്തിന് തകരാർ സംഭവിക്കാൻ സാധ്യത കൂടുകയാണ്. അതിനാൽ ഹൃദയാരോഗ്യത്തിലും മാനസികാരോഗ്യത്തിലും പ്രത്യേക ശ്രദ്ധ വേണം.



