കാൽഗറി: ആൽബർട്ടയിൽ അഞ്ചാംപനി കേസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. കഴിഞ്ഞ മാസം കാൽഗറിയിൽ എത്തിച്ചേർന്ന ഒരു വിമാനത്തിലെ യാത്രക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. നവംബർ 22-ന് ഉച്ചയ്ക്ക് 1:29-ന് ആംസ്റ്റർഡാമിൽ നിന്ന് കാൽഗറിയിൽ എത്തിയ KLM 677 ഫ്ലൈറ്റിലെ യാത്രക്കാരനാണ് രോഗം ബാധിച്ചത്.
രോഗം ബാധിച്ച വ്യക്തി നവംബർ 22-ന് വിമാനത്താവളത്തിൽ എത്തിയ ശേഷം ഏകദേശം മൂന്ന് മണിക്കൂറോളം ഇന്റർനാഷണൽ അറൈവൽസ്, കസ്റ്റംസ്, ബാഗേജ് ക്ലെയിം ഏരിയകളിൽ ഉണ്ടായിരുന്നു. കൂടാതെ, നവംബർ 24-ന് വൈകുന്നേരം 5:43 മുതൽ രാത്രി 10:23 വരെ ക്ലയർഷോം ജനറൽ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലും ഇദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. ഈ സമയങ്ങളിൽ ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർക്കാണ് പ്രധാനമായും ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
രണ്ട് ഡോസ് മീസിൽസ് വാക്സിൻ എടുക്കാത്തവരോ, അഞ്ചാംപനി വരാത്തവരോ ആയ ആളുകളാണ് ഈ സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഇവർ തങ്ങളുടെ വാക്സിനേഷൻ രേഖകൾ പരിശോധിച്ച് രോഗലക്ഷണങ്ങൾ സ്വയം നിരീക്ഷിക്കണം. ചുമ, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവപ്പ്, 38.3 ഡിഗ്രി സെൽഷ്യൽ അല്ലെങ്കിൽ അതിൽ കൂടുതലുള്ള പനി എന്നിവയാണ് പ്രാഥമിക ലക്ഷണം. പനി വന്ന് മൂന്ന് മുതൽ ഏഴ് ദിവസത്തിനുള്ളിൽ ദേഹത്ത് പാടുകൾ പ്രത്യക്ഷപ്പെടാം.
അഞ്ചാംപനിയുള്ള രോഗിയുമായി സമ്പർക്കമുണ്ടായി എന്ന് സംശയിക്കുന്നവർക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ സാധിക്കും. അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ വാക്സിൻ എടുക്കേണ്ടതാണ്. ഒരു വയസ്സിന് താഴെയുള്ള കുട്ടികൾ, പ്രതിരോധശേഷി കുറഞ്ഞവർ, ഗർഭിണികൾ എന്നിവർക്ക് രോഗം വരുന്നത് തടയാനായി ആറ് ദിവസത്തിനുള്ളിൽ ഇമ്മ്യൂണോഗ്ലോബുലിൻ നൽകാൻ സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാനായി 1-844-944-3434 എന്ന മീസിൽസ് ഹോട്ട്‌ലൈനിൽ ബന്ധപ്പെടാവുന്നതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Measles case confirmed on Calgary flight






