മെക്സിക്കോ; മെക്സിക്കോയുടെ തെക്കേയറ്റത്തെ ചിയാപാസിന് സമീപമുള്ള പസഫിക് സമുദ്രത്തിൽ വെള്ളിയാഴ്ച റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. യു.എസ്. ജിയോളജിക്കൽ സർവേയുടെ (USGS) പുതുക്കിയ വിവരമനുസരിച്ച് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പ്യൂർട്ടോ മദേരോ തീരത്ത് നിന്ന് ഏകദേശം 58 കിലോമീറ്റർ അകലെയുള്ള കടൽഭാഗത്തും 15.2 കിലോമീറ്റർ ആഴത്തിലുമായിരുന്നു. ഭൂചലനത്തിന്റെ പ്രകമ്പനം ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലുമടക്കം സമീപ രാജ്യങ്ങളിൽ വരെ അനുഭവപ്പെട്ടെങ്കിലും, ഇതുവരെ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബന്ധപ്പെട്ട രാജ്യങ്ങളിലെ അധികൃതർ അറിയിച്ചു.
ഭൂചലനത്തെ തുടർന്ന് മെക്സിക്കോയിൽ അടിയന്തര സുരക്ഷാ നടപടികൾ നടപ്പാക്കിയതായി പ്രസിഡന്റ് ക്ലോഡിയ ഷെയിൻബൗം അറിയിച്ചു. ചിയാപാസിലും സമീപ സംസ്ഥാനമായ ടബാസ്കോയിലും കാര്യമായ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഗ്വാട്ടിമാല പ്രസിഡന്റ് ബെർണാർഡോ അറെവാലോയും മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അറിയിച്ചു. ഗ്വാട്ടിമാല സിറ്റിയിൽ ഭൂചലനം അനുഭവപ്പെട്ടതോടെ നിരവധി പേർ വീടുകളിലും ഓഫീസുകളിലും നിന്ന് പുറത്തേക്കിറങ്ങി.
സർക്കാർ ഓഫീസുകളിലും സുരക്ഷാ നടപടികളുടെ ഭാഗമായി ഒഴിപ്പിക്കൽ നടപടികൾ നടന്നു. ഭൂചലനത്തിന് പിന്നാലെ മെക്സിക്കോ, ഗ്വാട്ടിമാല, എൽ സാൽവഡോർ എന്നിവിടങ്ങളിൽ 5 മുതൽ 6 വരെ തീവ്രതയുള്ള നിരവധി തുടർചലനങ്ങളും രേഖപ്പെടുത്തി. ഭൂചലനത്തിന് പിന്നാലെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ പരിധിയിലുള്ള തീരപ്രദേശങ്ങളിൽ അപകടസാധ്യതയുള്ള സുനാമി തിരമാലകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് യു.എസ്. സുനാമി മുന്നറിയിപ്പ് സംവിധാനം അറിയിച്ചു.
മെക്സിക്കോയുടെയും ഗ്വാട്ടിമാലയുടെയും ചില തീരങ്ങളിൽ വേലിയേറ്റനിരപ്പിൽ നിന്ന് 0.3 മീറ്റർ മുതൽ ഒരു മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. എന്നാൽ കടലിൽ ഗുരുതരമായ ആഘാതമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ജലനിരപ്പ് പരമാവധി അര മീറ്ററോളം മാത്രമേ ഉയരാൻ സാധ്യതയുള്ളുവെന്നും മെക്സിക്കൻ നാവികസേന വ്യക്തമാക്കി.
എന്നിരുന്നാലും മുൻകരുതലിന്റെ ഭാഗമായി ജനങ്ങൾ താൽക്കാലികമായി കടൽത്തീരങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഗ്വാട്ടിമാലയിൽ നിരവധി പേർക്ക് അടുത്തിടെ വെനസ്വേലയിൽ ഉണ്ടായ ഇരട്ട ഭൂചലനങ്ങളുടെ ഓർമകൾ ഈ സംഭവം വീണ്ടും ഉണർത്തിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Massive earthquake shakes Mexico: 7.4 magnitude, tsunami warning issued.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






