വാഷിംഗ്ടൺ:ബഹിരാകാശ നിലയത്തിൽ വായുചോർച്ച രൂക്ഷമായതിനെ തുടർന്ന് അടിയന്തര ഒഴിപ്പിക്കൽ മുന്നറിയിപ്പുമായി നാസ. വെള്ളിയാഴ്ച നിലയത്തിലെ റഷ്യൻ മൊഡ്യൂളിൽ ഉണ്ടായ വായുചോർച്ച പരിഹരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് അഞ്ച് ബഹിരാകാശ സഞ്ചാരികളോട് താൽക്കാലികമായി പേടകത്തിനുള്ളിലേക്ക് മാറാൻ നാസ മിഷൻ കൺട്രോൾ നിർദേശം നൽകിയത്. നിലയത്തിന്റെ ചരിത്രത്തിൽ ഇത്തരം അടിയന്തര ജാഗ്രതാ നിർദേശങ്ങൾ അപൂർവമായി മാത്രമാണ് ഉണ്ടാകാറുള്ളത്. വെള്ളിയാഴ്ച അന്താരാഷ്ട്ര സമയം ഉച്ചയ്ക്ക് ഒന്നിനാണ് (GMT 1304) നാസയിൽ നിന്ന് നിർണായക നിർദേശം ബഹിരാകാശ നിലയത്തിലേക്ക് എത്തിയത്.
നിലയത്തിൽ ഡോക്ക് ചെയ്തിരിക്കുന്ന സ്‌പേസ് എക്‌സിന്റെ ‘ക്രൂ ഡ്രാഗൺ’ പേടകത്തിനുള്ളിലേക്ക് മാറാനും അടിയന്തര സാഹചര്യമുണ്ടായാൽ ഭൂമിയിലേക്ക് മടങ്ങാനായി സ്പേസ് സ്യൂട്ടുകൾ ധരിക്കാനും സഞ്ചാരികൾക്ക് നിർദേശം നൽകിയിരുന്നു. അമേരിക്ക, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ക്രൂ-12 ദൗത്യത്തിലെ നാല് അംഗങ്ങളും മറ്റൊരു അമേരിക്കൻ ശാസ്ത്രജ്ഞനുമാണ് പേടകത്തിൽ അഭയം തേടിയത്. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട ആശങ്കകൾക്കൊടുവിൽ ചോർച്ചയുടെ തോത് നിയന്ത്രണവിധേയമാണെന്ന് വിലയിരുത്തി സഞ്ചാരികളെ തിരികെ നിലയത്തിലേക്ക് പ്രവേശിപ്പിച്ചു.
ബഹിരാകാശ നിലയത്തിന്റെ പ്രധാന ഭാഗമായ റഷ്യയുടെ ‘സ്വെസ്ദ’ (Zvezda) സർവീസ് മൊഡ്യൂളിലാണ് മാസങ്ങളായി ചെറിയ രീതിയിലുള്ള വായുചോർച്ച നിലനിന്നിരുന്നത്. എന്നാൽ വെള്ളിയാഴ്ചയോടെ ചോർച്ചയുടെ തോത് ഇരട്ടിയായി വർദ്ധിക്കുകയായിരുന്നു. സാധാരണയായി പ്രതിദിനം ഒരു പൗണ്ട് വായു നഷ്ടപ്പെട്ടിരുന്ന സ്ഥാനത്ത് ഇത് പെട്ടെന്ന് രണ്ട് പൗണ്ടായി ഉയർന്നു. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിലെ രണ്ട് ശാസ്ത്രജ്ഞർ ചോർച്ചയുള്ള ഭാഗം കണ്ടെത്തി മുറിച്ചുമാറ്റി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും നാസ ഇതിനോട് വിയോജിച്ചു.
റഷ്യൻ ശാസ്ത്രജ്ഞരുടെ ഈ അറ്റകുറ്റപ്പണി വായുചോർച്ച കൂടുതൽ വഷളാക്കുമെന്ന ആശങ്കയെ തുടർന്നാണ് ശാസ്ത്രജ്ഞരുടെ സുരക്ഷ മുൻനിർത്തി നാസ കടുത്ത നടപടിയിലേക്ക് നീങ്ങിയത്. നിലവിൽ രണ്ട് വ്യത്യസ്ത ദൗത്യങ്ങളിലായി ഏഴ് ബഹിരാകാശ സഞ്ചാരികളാണ് നിലയത്തിലുള്ളത്. ഫെബ്രുവരിയിൽ എത്തിയ ക്രൂ-12 അംഗങ്ങളായ ജെസീക്ക മെയർ, ജാക്ക് ഹാതവേ, സോഫി അഡെനോട്ട്, ആൻഡ്രേ ഫെഡ് യാവേവ് എന്നിവരും കഴിഞ്ഞ നവംബർ മുതൽ നിലയത്തിലുള്ള ക്രിസ്റ്റഫർ വില്യംസ്, സെർജി കുഡ്-സ്വെർകോവ്, സെർജി മികായേവ് എന്നിവരും സുരക്ഷിതരാണെന്ന് നാസ വക്താവ് ബെഥാനി സ്റ്റീവൻസ് അറിയിച്ചു. വായുചോർച്ചയുടെ കൃത്യമായ കാരണവും ശാശ്വത പരിഹാരവും കണ്ടെത്തുന്നതിനായി നാസയും റോസ്‌കോസ്‌മോസും സംയുക്തമായി പരിശോധന തുടരുകയാണ്. 27 വർഷത്തെ പ്രവർത്തന ചരിത്രത്തിനിടയിൽ ഇതുവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയം പൂർണ്ണമായി ഒഴിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല.
Massive air leak at International Space Station; NASA orders crew to evacuate to spacecraft
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





