വാഷിങ്ടൺ : അമേരിക്കയിലെ അവസാന പോളിയോ ബാധിതരിൽ ഒരാളായ മാർത്ത ലിലാർഡ് (78) അന്തരിച്ചു. ഒക്ലഹോമ സ്വദേശിയായ മാർത്ത, അഞ്ചാം വയസിൽ പോളിയോ ബാധിതയായതിനെ തുടർന്ന് കഴിഞ്ഞ 73 വർഷമായി ‘ഇരുമ്പ് ശ്വാസകോശത്തിന്റെ’ (Iron Lung) സഹായത്തോടെയായിരുന്നു ജീവിച്ചിരുന്നത്. 20 വയസിൽ കൂടുതൽ ആയുസുണ്ടാകില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ പ്രതിസന്ധിയെയാണ് അസാധാരണമായ ആത്മവിശ്വാസത്തോടെ മാർത്ത മറികടന്നത്. കോവിഡ് ബാധിച്ചതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്ന് സഹോദരി സിൻഡ് മക്വേ അറിയിച്ചു.
വായു മർദ്ദം ക്രമീകരിച്ച് രോഗിയുടെ നെഞ്ച് വികസിക്കാനും ചുരുങ്ങാനും പ്രേരിപ്പിച്ച് സ്വാഭാവിക ശ്വസനത്തെ സഹായിക്കുന്ന ഇരുമ്പ് സിലിണ്ടറിനുള്ളിലായിരുന്നു മാർത്തയുടെ ജീവിതം. രോഗാവസ്ഥയിലും പഠനം ഉപേക്ഷിക്കാതിരുന്ന മാർത്തയ്ക്ക് ഫോണിലൂടെ ക്ലാസുകളിൽ പങ്കെടുക്കാൻ പ്രത്യേക അനുമതിയുണ്ടായിരുന്നു. ദീർഘനാളത്തെ തെറാപ്പികളിലൂടെ ഇടതുകയ്യും കാലുകളും ചലിപ്പിക്കാൻ ശേഷി നേടിയ അവർ, ഏറെക്കാലം മറ്റുള്ളവരുടെ സഹായമില്ലാതെയാണ് ജീവിച്ചത്. കോവിഡ് ബാധിക്കുന്നതിന് മുൻപ് 25 ശതമാനം മാത്രമായിരുന്നു മാർത്തയുടെ ശ്വാസകോശത്തിന്റെ പ്രവർത്തനശേഷി. കഴിഞ്ഞ അഞ്ച് വർഷമായി ശ്വസനതടസ്സം പതിവായതിനെ തുടർന്ന് അവർ വീടിന് പുറത്തിറങ്ങിയിരുന്നില്ല.
മാർത്തയ്ക്ക് പോളിയോ ബാധിച്ച് രണ്ട് വർഷത്തിന് ശേഷമാണ് അമേരിക്കയിൽ രോഗത്തിനുള്ള വാക്സിൻ കണ്ടെത്തുന്നത്. 1955-ഓടെ അമേരിക്കയിൽ വാക്സിൻ ലഭ്യമാവുകയും 1979-ൽ രാജ്യം പോളിയോ മുക്തമായി പ്രഖ്യാപിക്കുകയും ചെയ്തു. വാക്സിനേഷൻ വ്യാപകമാകുന്നതിന് മുൻപ് പോളിയോ ബാധിച്ച് ശ്വസനശേഷി നഷ്ടപ്പെട്ടവരെ ജീവനോടെ നിലനിർത്താൻ ഉപയോഗിച്ചിരുന്ന പഴയകാല സാങ്കേതികവിദ്യയായിരുന്നു ഈ ഇരുമ്പ് ശ്വാസകോശങ്ങൾ. ആധുനിക വെന്റിലേറ്ററുകൾ നിലവിൽ വന്നിട്ടും തന്റെ ഇരുമ്പ് സിലിണ്ടറിനൊപ്പം ജീവിച്ച മാർത്തയുടെ വിയോഗം ഒരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.
Martha Lillard, America’s last polio survivor, dies after 73 years in iron lung
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





