ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഉഭയകക്ഷി സന്ദർശനത്തിനായി ജനുവരി 18-ന് ദോഹയിലേക്ക് തിരിക്കും. വ്യാപാര ബന്ധങ്ങൾ വിപുലീകരിക്കാനും വിദേശ നിക്ഷേപം സമാഹരിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ചൈന, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളുൾപ്പെടുന്ന വിപുലമായ നയതന്ത്ര സന്ദർശനത്തിന്റെ ഭാഗമായാണ് ഖത്തർ യാത്ര. ഖത്തർ സന്ദർശിക്കുന്ന ആദ്യത്തെ കനേഡിയൻ പ്രധാനമന്ത്രിയായിരിക്കും മാർക്ക് കാർണി.
സന്ദർശന വേളയിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കാർണി കൂടിക്കാഴ്ച നടത്തും. വിവിധ ബിസിനസ് പ്രതിനിധികളുമായും നിക്ഷേപകരുമായും അദ്ദേഹം ചർച്ചകൾ നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻഫ്രാസ്ട്രക്ചർ, എനർജി, സെക്യൂരിറ്റി എന്നീ മേഖലകളിൽ പുതിയ പങ്കാളിത്തങ്ങൾ സൃഷ്ടിക്കുകയാണ് കാനഡ ലക്ഷ്യമിടുന്നത്.
ബെയ്ജിംഗിൽ കുറച്ച് ദിവസങ്ങൾ ചിലവഴിച്ച ശേഷമായിരിക്കും കാർണി ഖത്തറിലെത്തുക. തുടർന്ന് സ്വിറ്റ്സർലൻഡിലെ ദാവോസിലേക്ക് അദ്ദേഹം തിരിക്കും. ജനുവരി 19 മുതൽ 21 വരെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ (World Economic Forum) പ്രധാനമന്ത്രി പങ്കെടുക്കും. അന്താരാഷ്ട്ര തലത്തിൽ കാനഡയുടെ സാമ്പത്തിക താല്പര്യങ്ങൾ ശക്തിപ്പെടുത്തുകയാണ് ഈ യാത്രകളിലൂടെ ഉദ്ദേശിക്കുന്നത്.
പത്ത് വർഷത്തിന് ശേഷം ചൈന സന്ദർശിക്കുന്ന ആദ്യ കനേഡിയൻ പ്രധാനമന്ത്രിയാണ് മാർക്ക് കാർണി. അടുത്ത ആഴ്ച ചൈനയിലെത്തുന്ന അദ്ദേഹം പ്രസിഡന്റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തും. ചൈനയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക സഹകരണം ഉറപ്പാക്കുകയുമാണ് സന്ദർശനത്തിന്റെ പ്രധാന അജണ്ടയെന്ന് ഔദ്യോഗിക വൃത്തങ്ങൾ വിലയിരുത്തുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Mark Carney to Qatar; Historic visit aims to attract huge investment



