ന്യൂഡൽഹി: ഏറെക്കാലമായി നിലനിന്നിരുന്ന നയതന്ത്ര തർക്കങ്ങൾ പരിഹരിച്ച് ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാൻ കാനഡ ഒരുങ്ങുന്നു. കാനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി മാർച്ചിൽ ഇന്ത്യ സന്ദർശിക്കുമെന്ന് ഏകദേശ ധാരണയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-ഊർജ്ജ ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള സുപ്രധാന കരാറുകളിൽ ഈ സന്ദർശനവേളയിൽ ഒപ്പുവെച്ചേക്കും.
2.8 ബില്യൺ ഡോളറിന്റെ യുറേനിയം കരാർ ഇന്ത്യയുടെ ആണവോർജ്ജ നിലയങ്ങൾക്ക് ആവശ്യമായ യുറേനിയം വിതരണം ചെയ്യുന്നതിനുള്ള 10 വർഷത്തെ കരാറാണ് സന്ദർശനത്തിലെ പ്രധാന ആകർഷണം. ഏകദേശം 2.8 ബില്യൺ കനേഡിയൻ ഡോളറിന്റേതാകും ഈ പദ്ധതിയെന്നാണ് സൂചന. ഇതിനുപുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്വാണ്ടം കമ്പ്യൂട്ടിംഗ്, പരിസ്ഥിതി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും സഹകരണത്തിന് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നു.
വ്യാപാര ചർച്ചകൾ പുനരാരംഭിക്കുന്നു
നവംബറിൽ നിർത്തിവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) സംബന്ധിച്ച ചർച്ചകൾ മാർച്ചിൽ ഔദ്യോഗികമായി പുനരാരംഭിക്കും. സന്ദർശനത്തിന് മുന്നോടിയായി കാനഡയുടെ ഊർജ്ജ മന്ത്രി ഈ ആഴ്ച ഇന്ത്യയിലെത്തും. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അടുത്ത മാസം കാനഡ സന്ദർശിച്ച് സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്യും. പീയൂഷ് ഗോയൽ, നിർമ്മല സീതാരാമൻ എന്നീ ഇന്ത്യൻ മന്ത്രിമാരും ഉടൻ കാനഡ സന്ദർശിക്കുമെന്ന് ഇന്ത്യൻ ഹൈക്കമ്മിഷണർ ദിനേഷ് പട്നായിക് വ്യക്തമാക്കി.
ട്രൂഡോ വരുത്തിയ വിള്ളൽ മാറ്റാൻ കാർണി
ഖലിസ്ഥാൻ വിഘടനവാദി നിജ്ജാർ വധക്കേസുമായി ബന്ധപ്പെട്ട് മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് വഷളായ ബന്ധം പുനഃസ്ഥാപിക്കാനാണ് മാർക്ക് കാർണിയുടെ ശ്രമം. അമേരിക്കയെ മാത്രം ആശ്രയിക്കാതെ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുമായി സഖ്യം സ്ഥാപിക്കണമെന്ന കാർണിയുടെ നയം ദാവോസ് ഉച്ചകോടിയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
New chapter in India-Canada relations; Mark Carney to India, decisive moves including uranium deal



