ഒട്ടാവ: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർണ്ണായക സമാധാന ചർച്ചകളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി അടുത്തയാഴ്ച ഫ്രാൻസിലേക്ക് തിരിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഫ്രാൻസിൽ നടക്കുന്ന ‘കോളിഷൻ ഓഫ് ദി വില്ലിംഗ്’ (Coalition of the Willing) രാജ്യങ്ങളുടെ ഉന്നതതല യോഗത്തിൽ അദ്ദേഹം കാനഡയെ പ്രതിനിധീകരിക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് തിങ്കളാഴ്ചയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
യുക്രെയ്ന് ശക്തമായ സുരക്ഷാ ഉറപ്പുകൾ നൽകുന്നതിനും ചർച്ചകളിലൂടെ ശാശ്വത സമാധാനം കണ്ടെത്തുന്നതിനുമുള്ള ശ്രമങ്ങൾ വേഗത്തിലാക്കുകയാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യം. കാനഡയുൾപ്പെടെ 35 രാജ്യങ്ങൾ അടങ്ങുന്ന സഖ്യം റഷ്യൻ അധിനിവേശത്തിനെതിരെ യുക്രെയ്ന് നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. യുക്രെയ്നിന്റെ പുനർനിർമ്മാണത്തിനും സാമ്പത്തിക ഭദ്രതയ്ക്കും ആവശ്യമായ സഹായങ്ങൾ നൽകുന്നതിൽ കാനഡ പ്രതിജ്ഞാബദ്ധമാണെന്ന് കാർണി വ്യക്തമാക്കി.
“സഖ്യകക്ഷികളുമായി ചേർന്ന് നീതിയുക്തമായ സമാധാനം ഉറപ്പാക്കാൻ കാനഡ നിരന്തരം പരിശ്രമിക്കുകയാണ്. അധിനിവേശത്തെ ചെറുക്കുന്നതിനൊപ്പം യുക്രെയ്ന് മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാനുള്ള അടിത്തറയൊരുക്കണമെന്നും” വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പ്രധാനമന്ത്രി പറഞ്ഞു. യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുക്രെയ്ന് കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക സഹായവും കാനഡ വാഗ്ദാനം ചെയ്തിട്ടുണ്ട്.
യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയാണ് ഫ്രാൻസിൽ നടക്കുന്ന ഈ സമാധാന ചർച്ചകളെക്കുറിച്ചുള്ള വിവരം ആദ്യമായി പുറത്തുവിട്ടത്. ഏതാണ്ട് നാല് വർഷത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ യുഎസ് നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. കഴിഞ്ഞ ചൊവ്വാഴ്ച മാർക്ക് കാർണി, പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക്, നാറ്റോ (NATO) സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ എന്നിവർ ഉൾപ്പെട്ട വെർച്വൽ യോഗം ചർച്ചകളുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കിയിരുന്നു.
നയതന്ത്ര ചർച്ചകൾ ഒരുവശത്ത് നടക്കുമ്പോഴും യുദ്ധഭൂമിയിൽ സംഘർഷം തുടരുകയാണ്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഔദ്യോഗിക വസതി ലക്ഷ്യമാക്കി യുക്രെയ്ൻ വൻതോതിൽ ഡ്രോൺ ആക്രമണം നടത്തിയെന്ന് മോസ്കോ ആരോപിച്ചു. എന്നാൽ ഈ വാർത്ത അടിസ്ഥാനരഹിതമാണെന്ന് യുക്രെയ്ൻ പ്രതികരിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ ഇത്തരം ആരോപണ പ്രത്യാരോപണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഫ്രാൻസിൽ നടക്കുന്ന സമാധാന ചർച്ചകൾ യുദ്ധത്തിന് അറുതി വരുത്തുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Mark Carney to France for Ukraine peace talks; crucial meeting of allies next week



