കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്യുബെക്കിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഫ്രഞ്ച് സംസാരിക്കുന്ന ആളുകൾ കൂടുതലുള്ള ക്യുബെക്കിനെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൽ നിന്ന് സംരക്ഷിക്കാൻ തനിക്ക് മാത്രമേ കഴിയൂ എന്നായിരുന്നു കാർണി പറഞ്ഞത്. ഏപ്രിൽ 28 ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ ലിബറലുകൾക്ക് കൺസർവേറ്റീവുകളേക്കാൾ നേരിയ മുൻതൂക്കമുണ്ടെന്ന് സർവേകൾ ചൂണ്ടിക്കാണിക്കുന്നതായും കാർണി ചൂണ്ടിക്കാട്ടി. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ആരു തെരഞ്ഞെടുപ്പാണിതെന്ന് ജനങ്ങൾ മറന്നുപോകരുതെന്നും അദ്ദേഹം പറഞ്ഞു.
ഒന്റാറിയോയ്ക്ക് ശേഷം ഹൗസ് ഓഫ് കോമൺസിൽ രണ്ടാമത്തെ വലിയ സീറ്റുകളുള്ളതും ഫ്രഞ്ച്, പ്രാദേശിക സംസ്കാരത്തിന് വേരോട്ടമുള്ളതുമായ സ്ഥലമാണ് ക്യുബെക്ക്. ക്യുബെക്കിൽ അധികാരം നേടാൻ ആഗ്രഹിക്കുന്ന ഏതൊരു പാർട്ടിയും മികച്ച പ്രകടനം കാഴ്ചവയ്ക്കുക തന്നെ വേണം എന്നതാണ് കാനഡ തിരഞ്ഞെടുപ്പിലെ മുൻകാല ചരിത്രം വ്യക്തമാക്കുന്നത്.
“ട്രംപ് കാനഡയിൽ നിന്നുള്ള ഇറക്കുമതികൾക്ക് തീരുവ ചുമത്തുകയും രാജ്യം പിടിച്ചെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുകയാണ്. ഈ ഭീഷണി സാമ്പത്തിക ഭീഷണി മാത്രമല്ല, നിലനിൽപ്പിനുള്ള ഭീഷണിയുമാണ്. വ്യക്തമായി പറഞ്ഞാൽ, പ്രസിഡന്റ് ട്രംപ് ക്യുബെക്കുകാരുടെ വ്യതിരിക്തമായ സ്വത്വത്തെ ഭീഷണിപ്പെടുത്തുകയാണ്”, ട്രോയിസ്-റിവിയേഴ്സ് നഗരത്തിലെ ഒരു പ്രചാരണ പരിപാടിയിൽ കാർണി പറഞ്ഞു.
“ക്യുബെക്കിനെ സംരക്ഷിക്കാനും, നമ്മുടെ പരമാധികാരം സംരക്ഷിക്കാനും, കാനഡയെ ശക്തമായി കെട്ടിപ്പടുക്കാനും ഞങ്ങൾക്ക് കഴിയും… ക്യുബെക്കിനെ സംരക്ഷിക്കുകയും ഡൊണാൾഡ് ട്രംപിനെ എതിർക്കുകയും ചെയ്യുന്ന ശക്തമായ ഒരു സർക്കാരിനെ നിങ്ങൾക്ക് വേണമെങ്കിൽ, നിങ്ങൾ അതിനായി വോട്ട് ചെയ്യണം,” അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയതോടെ ശക്തമായ പ്രചാരണമാണ് പാർട്ടികൾ നടത്തുന്നത്. ചൊവ്വാഴ്ച പുറത്തിറങ്ങിയ മൂന്ന് ദിവസത്തെ നാനോസ് പോൾ ദേശീയതലത്തിൽ ലിബറലുകൾക്ക് 42.6% പൊതുജന പിന്തുണയും കൺസർവേറ്റീവുകൾക്ക് 37.1% പൊതുജന പിന്തുണയും നൽകുന്നു. മധ്യ-ഇടതുപക്ഷ വോട്ടിനായി ലിബറലുകളുമായി മത്സരിക്കുന്ന ഇടതുപക്ഷ ചായ്വുള്ള ന്യൂ ഡെമോക്രാറ്റുകൾ 10.4% പിന്തുണയും ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്.



