മാനിറ്റോബ: സ്വന്തം വീട്ടിൽ കയറി ഇന്ധനം മോഷ്ടിക്കാൻ ശ്രമിച്ച ആളുകൾക്ക് നേരെ വെടിയുതിർത്ത ഗൃഹനാഥനെതിരെ കേസെടുത്ത് കനേഡിയൻ പോലീസ്. മാനിറ്റോബയിലെ ‘റൂറൽ മുനിസിപ്പാലിറ്റി ഓഫ് ഡഫറിനിൽ’ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. വീട്ടിലെ മോഷൻ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കണ്ടാണ് ഗൃഹനാഥൻ സ്ഥലത്തെത്തിയത്. ഈ സമയതത് മോഷ്ടാക്കൾ വാഹനം ഉപയോഗിച്ച് ഇന്ധനം കടത്തുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് ഇയാൾ മോഷ്ടാക്കൾക്ക് നേരെയും വാഹനങ്ങൾക്ക് നേരെയും വെടിയുതിർക്കുകയായിരുന്നു. അശ്രദ്ധമായി തോക്ക് ഉപയോഗിച്ചു, ജീവന് ഭീഷണിയാകും വിധം വെടിയുതിർത്തു തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് 66-കാരനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് മോഷ്ടാക്കളെ പോലീസ് നേരിട്ടെത്തി അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് നിരവധി സാധനങ്ങളും കണ്ടെടുത്തിട്ടുണ്ട്. നാലാമത്തെയാൾ മറ്റൊരു വാഹനത്തിൽ രക്ഷപ്പെട്ടെങ്കിലും വാഹനം പിന്നീട് ഉപ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആത്മരക്ഷയ്ക്കായി പൗരന്മാർക്ക് ഉചിതമായ നടപടികൾ സ്വീകരിക്കാമെങ്കിലും, അതിക്രമിച്ചു കയറുന്നവർക്ക് നേരെ ജീവന് ഭീഷണിയാകുന്ന രീതിയിൽ ബലപ്രയോഗം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ആർ.സി.എം.പി (RCMP) വ്യക്തമാക്കി. സ്വത്തിന് സംരക്ഷണം നൽകുന്നതിനേക്കാൾ സ്വന്തം ജീവന്റെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകണമെന്നും ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയാണ് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
സംഭവത്തിൽ പോലീസ് നടപടി പിന്തുണച്ച് മാനിറ്റോബ പ്രീമിയർ വബ് കിന്യൂ രംഗത്തെത്തി. ആളുകൾ സ്വയം നിയമം കയ്യിലെടുത്ത് വിധി നടപ്പാക്കുന്ന രീതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളും പ്രദേശവാസികളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സ്വന്തം വീടും സ്വത്തും സംരക്ഷിക്കാൻ ശ്രമിച്ച ഗൃഹനാഥനെതിരെ കേസെടുത്ത നടപടി ഇരകളുടെ അവകാശങ്ങളെ ചോദ്യം ചെയ്യുന്നതാണെന്ന് പി.സി എം.എൽ.എ ജോഷ് ഗ്വന്റർ വിമർശിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





