വാൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലെ മിഷൻ നഗരത്തിൽ പുലർച്ചെ വീടിന്റെ പോർച്ചിൽ വച്ച് കരടിയുടെ ആക്രമണത്തിൽ നിന്ന് വയോധികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ 3:30-ഓടെയാണ് ഗോർഡൻ ഗ്വിൻ എന്നയാൾക്ക് നേരെ കരടിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ ഇദ്ദേഹത്തിന് പ്രഥമശുശ്രൂഷ നൽകിയത് വിരമിച്ച ഇ.ആർ നഴ്സായ ഭാര്യ യവോൺ ഷെല്ലി ഹോൾമാനാണ്.

പതിവിലും വിപരീതമായി വളർത്തുനായ ഉച്ചത്തിൽ കുരയ്ക്കുന്നത് കേട്ടാണ് ഗോർഡൻ പുറത്തിറങ്ങി നോക്കിയത്. സാധാരണയായി ശബ്ദമുണ്ടാക്കിയാൽ ഓടിപ്പോകാറുള്ള കരടികൾ, ഇത്തവണ പക്ഷേ ഗോർഡനെ കണ്ടതും വീടിന്റെ പടികൾ കയറി നേരെ അടുത്തേക്ക് വരികയായിരുന്നു.
“എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല, കരടി പടികൾ കയറി എന്റെ നേരെ വന്നു. ഞാൻ പരിഭ്രാന്തനായി ഒച്ചവെച്ചുകൊണ്ട് അകത്തേക്ക് കയറാൻ നോക്കിയെങ്കിലും കരടി എന്നെ ഒരു മൂലയിലേക്ക് ഒതുക്കി. വാതിൽ തുറക്കാൻ ശ്രമിക്കുന്നതിനിടെ അത് എന്റെ കൈയിൽ ശക്തമായി അടിച്ചു.” ഗോർഡൻ ഗ്വിൻ പറഞ്ഞു.
കരടിയുടെ പിടിയിൽ നിന്ന് എങ്ങനെയോ കുതറിമാറി ഗോർഡൻ വീടിനകത്തേക്ക് കയറി വാതിലടച്ചതു കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയത്. കരടിയുടെ നഖം കൊണ്ട് തോളിലും കൈയിലും ആഴത്തിൽ പോറലേറ്റ ഗോർഡന്, മുൻ എമർജൻസി റൂം നഴ്സ് കൂടിയായ ഭാര്യ യവോൺ ഉടൻ തന്നെ വിദഗ്ദ്ധമായി പ്രഥമശുശ്രൂഷ നൽകി.
സ്ഥലത്തെത്തിയ ബി.സി കൺസർവേഷൻ ഓഫീസർമാർ കരടിയെ പിടികൂടാനായി വീടിന് ചുറ്റും ക്യാമറകളും കെണികളും സ്ഥാപിച്ചിട്ടുണ്ട്. കരടികൾ ധാരാളമുള്ള പ്രദേശമാണിതെങ്കിലും, മനുഷ്യരെ നേരിട്ട് ആക്രമിക്കുന്നത് പതിവില്ലാത്ത കാര്യമാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.
Man attacked by bear in Mission, B.C.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









