കൊച്ചി: മലയാള സിനിമ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റ്’ ഇന്ന് മെയ് 1-ന് ആഗോളതലത്തിൽ പ്രദർശനത്തിനെത്തുന്നു. റിലീസിന് മുന്നോടിയായി ആരാധകരെ ആവേശത്തിലാക്കി മമ്മൂട്ടിയും മോഹൻലാലും കുഞ്ചാക്കോ ബോബനും ഇൻസ്റ്റഗ്രാം ലൈവിലൂടെ പ്രേക്ഷകരുമായി വിശേഷങ്ങൾ പങ്കുവെച്ചു. 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ രണ്ട് ഇതിഹാസ താരങ്ങൾ ബിഗ് സ്‌ക്രീനിൽ ഒന്നിക്കുന്നു എന്ന സവിശേഷതയോടെയാണ് ചിത്രം എത്തുന്നത്.
കൊച്ചിയിൽ നിന്ന് മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ന്യൂയോർക്കിൽ നിന്ന് മോഹൻലാലും ലൈവിൽ പങ്കുചേർന്നു. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച ആശങ്കകളും പ്രതീക്ഷകളും താരങ്ങൾ പങ്കുവെച്ചു. പ്രേക്ഷകരുടെ വലിയ പ്രതീക്ഷ തന്നെയാണ് തങ്ങളുടെ പ്രധാന ടെൻഷനെന്നും മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. സംഭാഷണത്തിനിടെ ചിത്രത്തിന്റെ ക്ലൈമാക്സിനെ കുറിച്ച് മമ്മൂട്ടി സൂചിപ്പിച്ചപ്പോൾ, “എന്നാൽ പിന്നെ ആ ക്ലൈമാക്സ് കൂടി അങ്ങ് പറഞ്ഞുകൊട്” എന്ന മോഹൻലാലിന്റെ തമാശ നിറഞ്ഞ മറുപടി ആരാധകർക്കിടയിൽ തരംഗമായി.
ഏറെ നാളുകൾക്ക് ശേഷം പ്രിയ താരങ്ങളെ ഒരേ ഫ്രെയിമിൽ കണ്ട ആവേശത്തിൽ 34,000-ത്തിലധികം പേരാണ് ലൈവ് കണ്ടത്. മമ്മൂട്ടി ദുബായിലും മോഹൻലാൽ ന്യൂയോർക്കിലും കുഞ്ചാക്കോ ബോബൻ ബെംഗളൂരുവിലുമായിരിക്കും ആദ്യദിനം ചിത്രം കാണുക. മറ്റ് ഭാഷാ പതിപ്പുകൾ സെൻസറിംഗ് പൂർത്തിയാക്കി ഒരാഴ്ചയ്ക്കുള്ളിൽ തിയേറ്ററുകളിൽ എത്തും. സംവിധായകനും അണിയറപ്രവർത്തകരും വലിയ കഠിനാധ്വാനമാണ് സിനിമയ്ക്കായി നടത്തിയതെന്നും വലിയൊരു വിജയം ചിത്രത്തിനുണ്ടാകുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് തങ്ങളെന്നും താരങ്ങൾ കൂട്ടിച്ചേർത്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
'But then tell me about that climax'; Mammootty and Mohanlal join forces on Instagram Live in the excitement of 'Patriot'




