കോഴിക്കോട്: ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും നിയമപോരാട്ടത്തിലൂടെയും ശ്രദ്ധേയരായ ലെസ്ബിയൻ പങ്കാളികളായ ആദിലയെയും നൂറയെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച മലബാർ ഗോൾഡ് ഉടമ ഫൈസൽ എ.കെയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം.
ഫൈസൽ എ.കെയുടെ ഗൃഹപ്രവേശന ചടങ്ങിൽ ആദിലയും നൂറയും പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് വിവാദം. “ആദിലയും നൂറയും ഈ ചടങ്ങിൽ പങ്കെടുത്തത് തന്റെ അറിവോടെയല്ലെന്നും, അവർ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും” ചൂണ്ടിക്കാട്ടിയാണ് ഫൈസൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
പോസ്റ്റിലെ വിവാദ പരാമർശം: “പൊതുസമൂഹത്തിന്റെ സദാചാരമൂല്യങ്ങളെ വെല്ലുവിളിച്ചും മാതാപിതാക്കളെ തന്നെ ധിക്കരിച്ചും സമൂഹമധ്യത്തിൽ അവരെ താറടിച്ചും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതു തലമുറക്ക് തെറ്റായ സന്ദേശം നല്കി എന്ന ആരോപണം മുഖവിലക്കെടുക്കുന്നു. മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ച പാടില്ല” എന്ന് കുറിച്ചുകൊണ്ട് അദ്ദേഹം സുഹൃത്തുക്കളോടും സമൂഹത്തോടും ക്ഷമ ചോദിക്കുകയും ചെയ്തു. ആദിലയോടും നൂറയോടും അകലം പാലിക്കുന്ന ഒരു ഫോട്ടോയും പോസ്റ്റിനൊപ്പം അദ്ദേഹം പങ്കുവെച്ചിരുന്നു.
സോഷ്യൽ മീഡിയയിലെ വിമർശനം:
പോസ്റ്റ് വന്നതിന് തൊട്ടുപിന്നാലെ തന്നെ ഫൈസൽ എ.കെയ്‌ക്കെതിരെ രൂക്ഷമായ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. “സമൂഹം ചേർത്തുപിടിച്ച രണ്ടു വ്യക്തികളെ വിളിച്ച് വരുത്തി അപമാനിക്കുന്നത് അങ്ങേയറ്റം മോശമാണ്,” എന്ന് പലരും അഭിപ്രായപ്പെട്ടു. ക്ഷണിക്കാതെ അവർ ചടങ്ങിൽ എത്തില്ലെന്നും മാനേജർമാർ അറിയാതെ ഇത് നടക്കില്ലെന്നും ചിലർ ആരോപിച്ചു. ചില മതമേലധ്യക്ഷന്മാരുടെ സമ്മർദ്ദം കാരണമാണ് ഫൈസൽ പോസ്റ്റിട്ടതെന്നും ഇത് ഇരട്ടത്താപ്പാണെന്നും വിമർശനം ഉയർന്നു.”സമ്പത്തുണ്ടെന്ന് കരുതി മനുഷ്യത്വം ഉണ്ടാകണമെന്നില്ല,” “നാണമില്ലേ നിങ്ങൾക്ക്” എന്നിങ്ങനെ രൂക്ഷമായ കമന്റുകളും അദ്ദേഹത്തിനെതിരെ വന്നു.
വിമർശനങ്ങൾ രൂക്ഷമായതോടെ ഫൈസൽ എ.കെ. ഉടൻ തന്നെ പോസ്റ്റ് പിൻവലിച്ചെങ്കിലും, പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ ഇതിനോടകം വ്യാപകമായി പ്രചരിക്കുകയായിരുന്നു. ആദിലയോടും നൂറയോടും മാപ്പ് പറയണമെന്ന ആവശ്യവും സോഷ്യൽ മീഡിയയിൽ ശക്തമാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
‘Do not summon and insult’; Malabar Gold owner Faisal A.K.’s post against Adila and Noora sparks controversy, facing criticism on social media.





