തിരുവനന്തപുരം: മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘ദൃശ്യം 3’ ഷൂട്ടിംഗ് പൂർത്തിയാകും മുൻപ് തന്നെ 350 കോടി ക്ലബ്ബിൽ ഇടം നേടി ചരിത്രം കുറിച്ചിരിക്കുന്നു. നിർമ്മാതാവ് എം. രഞ്ജിത്താണ് ഈ സുപ്രധാന നേട്ടം പുറത്തുവിട്ടത്. മനോരമ ഹോർത്തൂസിന്റെ ‘ആകാശം തൊട്ട് മലയാളം സിനിമ: ദി പവർ ബിഹൈൻഡ് ദി റൈസ്’ എന്ന വിഷയത്തിലെ ചർച്ചയിലാണ് എം. രഞ്ജിത്ത് ‘ദൃശ്യം 3’യുടെ ഈ വലിയ ബിസിനസ് വിജയത്തെക്കുറിച്ച് മനസ്സുതുറന്നത്.
“ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ഇന്ത്യയിലെ ഒരു പ്രാദേശികഭാഷാ ചിത്രത്തിന് ഇത്രയും വലിയ ബിസിനസ് ലഭിക്കുന്നത് ആദ്യമായാണ്. അങ്ങനെ നോക്കിയാൽ എത്രയോ ഉയരത്തിലാണ് മലയാള സിനിമ എത്തിയിരിക്കുന്നത്. മികവുള്ള സിനിമകൾ കൂടുന്നുമുണ്ട്. ഏറ്റവും നല്ല തിയറ്ററുകൾ ഉള്ളതും കേരളത്തിലാണ്. ‘തുടരും’ സിനിമ ഇറങ്ങിയതിന് ശേഷം കിട്ടിയ ഷെയർ 55 കോടി രൂപയാണ്. സിനിമ വിജയിക്കുമ്പോൾ ഏറ്റവും കൂടുതൽ പണം കിട്ടുന്നത് സർക്കാരിനാണ്,” എം. രഞ്ജിത്ത് പറഞ്ഞു.
‘ദൃശ്യ’ത്തിന്റെ ഹിന്ദി പതിപ്പിന്റെ നിർമ്മാതാക്കളായ പനോരമ സ്റ്റുഡിയോസാണ് ‘ദൃശ്യം 3’യുടെ ലോകമെമ്പാടുമുള്ള മുഴുവൻ തിയേറ്റർ അവകാശങ്ങളും ഡിജിറ്റൽ അവകാശങ്ങളും സ്വന്തമാക്കിയിരിക്കുന്നത്. നിലവിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ജോർജുകുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷം ഉണ്ടാകുന്ന മാറ്റങ്ങളാകും മൂന്നാം ഭാഗത്തിൽ പ്രധാനമായും അവതരിപ്പിക്കുകയെന്ന് സംവിധായകൻ ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ‘ഹെവി ഇന്റലിജെന്റ്’ സിനിമയല്ല മൂന്നാം ഭാഗമെന്നും അദ്ദേഹം സൂചന നൽകിയിട്ടുണ്ട്.
മലയാള ത്രില്ലർ സിനിമകൾക്ക് ഒരു പുതിയ ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു ‘ദൃശ്യം’. ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും നിലനിൽപ്പിനായുള്ള പോരാട്ടങ്ങൾ മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും തുടർന്ന് ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുകയും ചെയ്തു. ഇന്ത്യ കൂടാതെ ചൈനീസ്, കൊറിയൻ ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം കൂടിയാണ് ‘ദൃശ്യം’.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
M Renjith reveals ‘Drishyam 3’ has already clocked ₹350 crore in business






