ഒന്റാറിയോ: ലോട്ടോ മാക്സ് ചരിത്രത്തിലെ റെക്കോർഡ് സമ്മാനത്തുകയായ 80 മില്യൺ ഡോളർ ഒന്റാറിയോയിലെ ലണ്ടൻ നഗരത്തിൽ വിറ്റ ടിക്കറ്റിന്. ആഴ്ചകളോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിലാണ് ഭാഗ്യശാലിയെ കണ്ടെത്തിയത്.
ഒന്റാറിയോ ലോട്ടറി ആൻഡ് ഗെയിമിംഗ് കോർപ്പറേഷൻ (OLG) പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് ഈ വിവരം സ്ഥിരീകരിച്ചത്. ലണ്ടൻ നഗരത്തിൽ നിന്നാണ് ടിക്കറ്റ് വിറ്റഴിക്കപ്പെട്ടതെന്ന് ഉറപ്പായെങ്കിലും വിജയിയെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. സമ്മാനാർഹർ തുക കൈപ്പറ്റാനായി ടൊറന്റോയിലെ ഒ.എൽ.ജി പ്രൈസ് സെന്ററിൽ എത്തുമ്പോൾ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടുകയുള്ളൂ.
80 മില്യൺ ഡോളറിന്റെ മുഖ്യ സമ്മാനത്തിന് പുറമെ, ഒന്റാറിയോയുടെ വിവിധ ഭാഗങ്ങളിൽ വിറ്റഴിക്കപ്പെട്ട ടിക്കറ്റുകൾക്ക് മാക്സ് മില്യൺസ് (Maxmillions), എൻകോർ (Encore) സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. ഒ.എൽ.ജിയുടെ വെബ്‌സൈറ്റ് നൽകുന്ന വിവരങ്ങൾ പ്രകാരം 19 പേർ മാക്സ് മില്യൺസ് സമ്മാനത്തിനും ഒരാൾ ഒരു മില്യൺ ഡോളറിന്റെ എൻകോർ സമ്മാനത്തിനും അർഹരായിട്ടുണ്ട്.
05, 21, 32, 38, 43, 44, 45 എന്നിവയാണ് ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിലെ വിജയിച്ച നമ്പറുകൾ. 49 ആണ് ബോണസ് നമ്പറായി വന്നിരിക്കുന്നത്. ആഴ്ചകളായി ആർക്കും ബമ്പർ സമ്മാനം ലഭിക്കാതിരുന്നതിനെത്തുടർന്ന് തുക 80 മില്യൺ ഡോളറായി വർദ്ധിക്കുകയായിരുന്നു.
ലണ്ടൻ നഗരത്തിൽ ഇത്രയും വലിയൊരു തുക സമ്മാനമായി ലഭിച്ചതിൽ ഏറെ ആവേശത്തിലാണെന്ന് ഒ.എൽ.ജി അധികൃതർ അറിയിച്ചു. വിജയികളെ വരവേൽക്കാനും അവർക്കായി ആഘോഷങ്ങൾ സംഘടിപ്പിക്കാനുമുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ഭാഗ്യശാലികൾ ഉടൻ തന്നെ തങ്ങളെ ബന്ധപ്പെടുമെന്നാണ് പ്രതീക്ഷയെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
കാനഡയിലെ ലോട്ടറി ചരിത്രത്തിൽ ഏറ്റവും വലിയ സമ്മാനത്തുക നൽകുന്ന ഒന്നാണ് ലോട്ടോ മാക്സ്. കഴിഞ്ഞ കുറച്ചു കാലമായി ലണ്ടൻ ഉൾപ്പെടെയുള്ള ഒന്റാറിയോയിലെ വിവിധ നഗരങ്ങളിൽ ലോട്ടറി ഭാഗ്യശാലികളുടെ എണ്ണം വർദ്ധിച്ചുവരുന്നത് വലിയ വാർത്താപ്രാധാന്യം നേടുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Who's the lucky winner? Lotto Max Bumper 80 million prize goes to a ticket sold in Ontario



