ലണ്ടൻ: ലണ്ടനിലെ പ്രധാന തെരുവോരങ്ങളിലും പൊതു ഇടങ്ങളിലും വ്യാപകമായി കാണുന്ന കടും ചുവപ്പ് നിറത്തിലുള്ള കറ (റെഡ് സ്റ്റെയിൻ) അധികൃതർക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ‘പാൻ’ അഥവാ പുകയില കലർന്ന മുറുക്കാൻ കൂട്ട് ചവച്ച ശേഷം പൊതുസ്ഥലങ്ങളിൽ തുപ്പുന്നതാണ് ഈ കറകൾക്ക് പ്രധാന കാരണം. ഇത് വൃത്തിയാക്കാൻ മാത്രം നോർത്ത് ലണ്ടനിലെ ബ്രെന്റ് കൗൺസിലിന് പ്രതിവർഷം 30,000 പൗണ്ടിലധികം (ഏകദേശം 35 ലക്ഷം രൂപ) ചെലവ് വരുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
തെരുവ് വിളക്കിന്റെ മൂലകളിലും, മതിലുകളിലും, നടപ്പാതകളിലും, പൊതു ഇടങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ഈ കറകൾ പതിഞ്ഞിരിക്കുന്നത് നഗരത്തിന്റെ ഭംഗിക്ക് കോട്ടം വരുത്തുന്നതായി കൗൺസിൽ വിലയിരുത്തുന്നു. വൃത്തിയാക്കാൻ ശ്രമിച്ചാലും കടുപ്പമേറിയ ഈ പാടുകൾ പൂർണ്ണമായും നീക്കം ചെയ്യാൻ പലപ്പോഴും കഴിയാറില്ല. ഹൈ-പ്രഷർ ക്ലീനിങ് ജെറ്റുകൾ ഉപയോഗിച്ചാൽ പോലും കറകൾ മാറുന്നില്ല എന്നതാണ് അധികൃതരെ കുഴപ്പിക്കുന്നത്.
പ്രധാനമായും ദക്ഷിണേഷ്യൻ കമ്യൂണിറ്റിയിൽ ഉപയോഗിച്ച് വരുന്ന മുറുക്കാൻ കൂട്ടുകളായ ‘പാന്റെ’ അവശിഷ്ടങ്ങളാണ് ഈ ചുവന്ന കറകൾക്ക് പിന്നിൽ. പ്രശ്നം ഗുരുതരമായ സാഹചര്യത്തിൽ, നഗര ശുചിത്വം ഉറപ്പാക്കുന്നതിനായി കർശന നടപടികളുമായി മുന്നോട്ട് വന്നിരിക്കുകയാണ് ബ്രെന്റ് കൗൺസിൽ. പൊതുസ്ഥലങ്ങളിൽ പാൻ തുപ്പുന്നവർക്ക് ഇനി മുതൽ കനത്ത പിഴ ചുമത്തും. പാതയോരങ്ങളിലും മറ്റും ബോധവൽക്കരണ ചിഹ്നങ്ങളും മുന്നറിയിപ്പുകളും സ്ഥാപിച്ചുകൊണ്ടാണ് കൗൺസിലിന്റെ പുതിയ ‘സീറോ ടോളറൻസ്’ സമീപനം.
ഇതിനായി കൂടുതൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ തെരുവുകളിൽ വിന്യസിച്ചിട്ടുണ്ട്. പിടിക്കപ്പെടുന്നവരിൽ നിന്ന് 100 പൗണ്ട് (ഏകദേശം 11,600 രൂപ) പിഴ ഈടാക്കാനാണ് തീരുമാനം. നഗരത്തിന്റെ ശുചിത്വവും പൊതുജനാരോഗ്യവും ഉറപ്പാക്കുക എന്നതാണ് പുതിയ നടപടികളിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. പാൻ ചവയ്ക്കുന്നത് നിർത്തുന്നതിനായി ആളുകൾക്ക് കൗൺസിലിന്റെ ഭാഗത്തുനിന്ന് കൗൺസിലിങ് ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകാനും പദ്ധതിയുണ്ട്.
ലണ്ടൻ നഗരത്തെ വൃത്തിയായി നിലനിർത്തേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും, ഈ പ്രവർത്തി പൊതു ഇടങ്ങളെ മാത്രമല്ല, പൊതുജനാരോഗ്യത്തെയും ഗുരുതരമായി ബാധിക്കുമെന്നും കൗൺസിൽ അധികൃതർ മുന്നറിയിപ്പ് നൽകുന്നു. നഗരത്തിന്റെ ശുചിത്വത്തിനായി കൗൺസിൽ നടത്തുന്ന ശ്രമങ്ങൾക്ക് പൊതുജനങ്ങളുടെ സഹകരണവും അവർ അഭ്യർത്ഥിച്ചിട്ടുണ്ട്.
london-streets-red-threat-why-brent-council-imposing-heavy-fine
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






