മുന്നിൽ നിരന്നുനിന്നിരുന്ന എല്ലാ റെക്കോഡുകളും തകർത്തുകൊണ്ടുള്ള മുന്നേറ്റം തുടർന്നുകൊണ്ടിരിക്കുകയാണ് ‘ലോക’. ഇപ്പോഴിതാ കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമയെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. മോഹൻലാൽ ചിത്രമായ തുടരും സ്വന്തമാക്കിയ റെക്കോർഡാണ് ലോക ചാപ്റ്റർ 1 ചന്ദ്ര ഇപ്പോൾ സ്വന്തം പേരിലാക്കിയിരിക്കുന്നത്. തുടരും നേടിയ 118.9 കോടിയുടെ റെക്കോർഡാണ് ലോക പിന്നിലാക്കിയിരിക്കുന്നത്. 38 ദിവസങ്ങൾക്കുള്ളിലാണ് ചിത്രം തുടരുമിനെ വീഴ്ത്തിയത്. പ്രമുഖ താരങ്ങളുടെ സിനിമകൾ മാത്രം ഇടം നേടിയിരുന്ന 300 കോടി ക്ലബ്ബിൽ, ഒരു നായിക കഥാപാത്രത്തിന് പ്രാധാന്യം നൽകിയ ചിത്രം ഈ നേട്ടം കൈവരിച്ചത് മലയാള സിനിമയ്ക്ക് അഭിമാനമായി.
ബോക്‌സ് ഓഫീസ് കളക്ഷനിൽ ‘രാജാക്കന്മാരെയും’ വീഴ്ത്തിയാണ് കല്യാണി പ്രിയദർശൻ ‘മലയാളത്തിന്റെ ഒരേയൊരു റാണി’യായി മാറിയതെന്നാണ് സിനിമാ ലോകം ആഘോഷിക്കുന്നത്. ഒരു നായിക കഥാപാത്രത്തിന് ഇത്രയധികം കളക്ഷൻ ലഭിക്കുന്നത് മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ്. മികച്ച പ്രകടനത്തിലൂടെ കല്യാണി പ്രിയദർശൻ ആഗോള തലത്തിൽ ശ്രദ്ധ നേടി. ചിത്രം റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്.
‘ലോക’യുടെ വമ്പൻ വിജയം, സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങൾ ഉൾപ്പെടെയുള്ള ഉള്ളടക്കത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർമ്മാതാക്കൾക്ക് പ്രചോദനമാകും. മികച്ച തിരക്കഥയും മേക്കിംഗും നായികയുടെ അവിസ്മരണീയ പ്രകടനവും ചേർന്നതാണ് ‘ലോക’യെ ചരിത്ര വിജയത്തിലേക്ക് നയിച്ചതെന്നാണ് നിരൂപകരുടെ വിലയിരുത്തൽ. മലയാള ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലായ ഈ വിജയം, കല്യാണി പ്രിയദർശന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറിയിരിക്കുകയാണ്.
കേരളത്തിന്റെ പുരാണങ്ങളിലെയും കെട്ടുകഥകളിലെയും ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ രചനയും സംവിധാനം നിർവഹിച്ച ചിത്രമാണിത്. കല്യാണി പ്രിയദർശൻ നായികയായി എത്തിയ ചിത്രത്തിൽ നസ്ലൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ‘ലോക – ചാപ്റ്റർ വൺ:ചന്ദ്ര’ മലയാളത്തിലെ മറ്റു ഓൾ ടൈം ടോപ് ഗ്രോസ്സർ ചിത്രങ്ങളേക്കാൾ വമ്പൻ മാർജിനിൽ ലീഡ് നേടിയാണ് ബോക്സ് ഓഫീസിൽ മുന്നേറിതും മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായതും. അഞ്ച് ഭാഗങ്ങളുള്ള ലോക സീരീസിലെ ആദ്യ ചിത്രമാണിത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Malayalam film ‘Lokha’ enters the 300 crore club



