അമേരിക്കൻ മേജർ ലീഗ് സോക്കറിൽ പുതിയ ചരിത്രം സൃഷ്ടിച്ച് അർജന്റീനൻ ഇതിഹാസ താരം ലയണൽ മെസ്സി. കൊളംബസ് ക്രൂവിനെതിരായ റൗണ്ട് ഓൺ മത്സരത്തിൽ ഇരട്ട ഗോൾ നേടിയതോടെ, MLSൽ ഇന്റർ മയാമിക്കായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന പ്രത്യേകതയും മെസ്സി സ്വന്തമാക്കി. മയാമിക്കായി 38 മത്സരങ്ങളിൽ നിന്ന് 31 ഗോളുകൾ നേടിയ മെസ്സി, അർജന്റീൻ മുൻ ഇതിഹാസ താരം ഗോണ്‍സാലോ ഹിഗ്വയ്ന്റെ 29 ഗോളുകളുടെ റെക്കോർഡ് മറികടന്നു. 67 മത്സരങ്ങളിൽ കളിച്ച് ഈ നേട്ടം കൈവരിച്ച ഹിഗ്വയ്നുമായി താരതമ്യം ചെയ്യുമ്പോൾ, മെസ്സിയുടെ പ്രകടനം കൂടുതൽ ശ്രദ്ധേയമാണ്.
ഫുട്ബോൾ ലോകത്തിന്റെ മുഖമുദ്രയായ മെസ്സിയുടെ കരിയർ ആകെ ഗോളെണ്ണം ഇപ്പോൾ 865ൽ എത്തിയിരിക്കുന്നു. 1,103 മത്സരങ്ങളിൽ നിന്നായാണ് മെസ്സി ഈ ഗോളുകൾ നേടിയത്. വേഗത്തിൽ 865 ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് മെസ്സിക്ക് മുന്നിലുള്ളത്. ഗോൾ നേട്ടത്തിനൊപ്പം, കരിയറിൽ 364 അസിസ്റ്റുകൾ എന്ന അസാധാരണ നേട്ടവും മെസ്സി കൈവരിച്ചിട്ടുണ്ട്.
കൊളംബസ് ക്രൂവിനെതിരായ പ്ലേഓഫ് മത്സരത്തിൽ രണ്ട് ഗോളുകൾക്കും രണ്ട് അസിസ്റ്റുകൾക്കുമായി തിളങ്ങിയ മെസ്സിയുടെ മികവാണ് മയാമിയുടെ 5-1 വിജയത്തിന് പിന്നിൽ. ടാഡിയോ അല്ലെൻഡെ, ലൂയിസ് സുവാരസ്, ഫാഫ പിക്കോൾട്ട് എന്നിവരും മത്സരത്തിൽ വലചലിപ്പിച്ചെങ്കിലും, മെസ്സിയുടെ മികവിലാണ് മയാമി ഈ നിർണായക വിജയം കൈവരിച്ചത്. 37 വയസ്സിലും അമേരിക്കൻ ഫുട്ബോളിൽ ആധിപത്യം പുലർത്തുന്ന മെസ്സിയുടെ കാര്യക്ഷമത, അദ്ദേഹത്തിന്റെ കലാപരമായ ഫുട്ബോൾ ശൈലിയുടെ തുടർച്ചയാണ്. MLSൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്ന മെസ്സി, അമേരിക്കൻ ഫുട്ബോളിന്റെ ജനപ്രീതി വർധിപ്പിക്കുന്നതിലും മുൻപന്തിയിലാണ്






