തെറ്റായ ഭക്ഷണശീലങ്ങളും വ്യായാമമില്ലായ്മയും കാരണം കേരളത്തിലെ യുവതലമുറയിൽ ജീവിതശൈലി രോഗങ്ങൾ വർധിക്കുന്നതായി ആരോഗ്യ വിദഗ്ദ്ധർ. 30-നും 50-നും ഇടയിലുള്ളവരിലാണ് പ്രമേഹം, അമിത രക്തസമ്മർദ്ദം, ഫാറ്റി ലിവർ, അമിതവണ്ണം, സ്ലീപ്പ് അപ്നിയ തുടങ്ങിയ രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നത്. പ്രായം കൊണ്ടോ പാരമ്പര്യം കൊണ്ടോ അല്ലാതെ ഇത്തരം രോഗങ്ങൾ ഉണ്ടാകുന്നത് ആശങ്കാജനകമാണെന്ന് രാജഗിരി ഹോസ്പിറ്റലിലെ മെഡിക്കൽ സൂപ്രണ്ടും കൺസൾട്ടന്റ് ഫിസിഷ്യനുമായ ഡോ. സണ്ണി പി. ഓരത്തേയൽ പറയുന്നു.
തെറ്റായ ആഹാരരീതികളും വ്യായാമമില്ലായ്മയുമാണ് ജീവിതശൈലി രോഗം വരാനുള്ള പ്രധാന കാരണങ്ങൾ. നമ്മുടെ ജീവിതശീലത്തിലും ഭക്ഷണക്രമത്തിലും വന്നിട്ടുള്ള മാറ്റങ്ങൾ, ഉറക്കത്തിലെ വ്യത്യാസങ്ങൾ, സമ്മർദ്ദം നിയന്ത്രിക്കാൻ കഴിയാതെ വരിക എന്നിവയാണ് പ്രധാനമായും ഇൻസുലിൻ റെസിസ്റ്റൻസിന് കാരണമാകുന്നത്. അതാണ് വയറിനകത്തെ വിസറൽ ഫാറ്റ് കൂട്ടുന്നതും, വയറു ചാടുന്നതും കാലക്രമേണ പ്രീഡയബറ്റിസിലേക്കും പ്രമേഹത്തിലേക്കും ഫാറ്റി ലിവറിലേക്കും പിസിഒഎസിലേക്കുമെല്ലാം നയിക്കുന്നത്. ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കണമെങ്കിൽ ഭക്ഷണശീലത്തെ ശരിയാക്കണം.
ഭക്ഷണക്രമവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ദിവസവും മൂന്നുനേരം ചോറ് കഴിക്കുന്നത് ഒഴിവാക്കുക. ഉച്ചയ്ക്ക് അല്പം ചോറും രാവിലെ ഒന്നോ രണ്ടോ ഇഡ്ഡലിയോ ദോശയോ കഴിക്കാം. കാർബോഹൈഡ്രേറ്റ് കുറച്ച് പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കുക. നമ്മുടെ നാട്ടിൽ ലഭ്യമായ മാമ്പഴം, പേരക്കായ, ചെറുപഴം, ഏത്തക്കായ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ഉച്ചയ്ക്ക് ചോറിന്റെ അളവ് കുറച്ച് സാലഡുകൾ (കുക്കുംബർ, സവോള, ക്യാരറ്റ്, തക്കാളി) ധാരാളമായി കഴിക്കുക.കറിവെച്ച മീനാണ് വറുത്തതിനേക്കാൾ നല്ലത്. അത്താഴം രാത്രി 7-8 മണിക്ക് മുൻപ് കഴിക്കുക. ചോറ് ഒഴിവാക്കി ചപ്പാത്തിയോ പഴങ്ങളോ കഴിക്കാം. ഭക്ഷണശേഷം ഐസ്ക്രീം, ഡെസേർട്ട് എന്നിവ കഴിക്കുന്നത് ഫാറ്റി ലിവറിന് കാരണമാകും, ഇത് ഒഴിവാക്കുകയോ വല്ലപ്പോഴുമൊന്ന് മാത്രം കഴിക്കുകയോ ചെയ്യുക.
25-30 വയസ്സ് കഴിയുമ്പോൾ പലരുടെയും ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നതിനാൽ വ്യായാമം നിർബന്ധമാക്കുക. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നത് അമിതവണ്ണവും മറ്റ് രോഗങ്ങളും തടയാൻ സഹായിക്കും.
സ്ലീപ്പ് അപ്നിയ: അമിതവണ്ണമുള്ളവരിൽ കണ്ടുവരുന്ന ഒരു ജീവിതശൈലി രോഗമാണിത്. ഉറക്കത്തിൽ കൂർക്കം വലിച്ച് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയും ഞെട്ടി ഉണരുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇത് ഹൃദയരോഗങ്ങൾക്കും രക്തസമ്മർദ്ദം കൂടാനും കാരണമാവാം. ഭാരം കുറയ്ക്കുക, വ്യായാമം ചെയ്യുക എന്നിവയാണ് പ്രധാന പ്രതിവിധി.
കോവിഡ് ശേഷമുള്ള പ്രശ്നങ്ങൾ: കോവിഡിന് ശേഷം ചിലരിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന രോഗലക്ഷണങ്ങൾ (ലോങ്ങ് കോവിഡ് സിൻഡ്രോം) കണ്ടുവരുന്നു. ക്ഷീണം, ഉറക്കക്കുറവ്, നെഞ്ചെരിച്ചിൽ, ചുമ, സന്ധി വേദന എന്നിവ സാധാരണമാണ്. ധാരാളം വെള്ളം കുടിക്കുക, പഴങ്ങൾ കഴിക്കുക എന്നിവ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.
ജീവിത ശൈലി രോഗങ്ങൾ വന്നാൽ പെട്ടെന്ന് ഭേദമാക്കാനാകില്ല. എങ്കിലും പാർശ്വഫലങ്ങളില്ലാത്ത ഫലപ്രദമായ ആധുനിക ചികിത്സാരീതികൾ ഇന്ന് വികസിച്ചിട്ടുണ്ട്. മുതിർന്നവരിൽ മാത്രമുണ്ടായിരുന്ന ജീവിതശൈലി രോഗങ്ങൾ ഇപ്പോൾ കുട്ടികളിലും വന്നുതുടങ്ങിയിട്ടുണ്ട്. കുട്ടിക്കാലം തൊട്ടേ ഭക്ഷണ ക്രമീകരണവും വ്യായാമവും ശീലമാക്കേണ്ടതുണ്ടെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Are you also on a sugar-cutting diet? Lifestyle diseases are a nightmare for 90's kids! What's the solution?






