ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോറിന്റെ പുതിയ പ്രീമിയറായി ജോൺ ഹോഗൻ സെന്റ് ജോൺസിലെ ഗവൺമെന്റ് ഹൗസിൽ ഇന്ന് (വെള്ളിയാഴ്ച) രാവിലെ സത്യപ്രതിജ്ഞ ചെയ്തു. നിയമ വിദഗ്ധനും ശ്രദ്ധേയമായ രാഷ്ട്രീയ പരിചയവുമുള്ള ഹോഗൻ, കഴിഞ്ഞ ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 14,000 പാർട്ടി അംഗങ്ങളിൽ നിന്ന് 78% വോട്ടുകളോടെ ലിബറൽ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
2019 മുതൽ വിൻഡ്സർ ലേക്കിന്റെ MHA ആയി സേവനമനുഷ്ഠിച്ചുവരുന്ന ഹോഗൻ, നീതിന്യായം, ആരോഗ്യം തുടങ്ങിയ പ്രധാന വകുപ്പുകളിലെ നേതൃത്വത്തിലൂടെ പ്രാദേശിക രാഷ്ട്രീയത്തിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. “ഞങ്ങളുടെ സർക്കാർ എല്ലാ ജനങ്ങൾക്കും വേണ്ടിയുള്ളതാണ്, എല്ലാ പ്രദേശങ്ങളിലും താമസിക്കുന്നവർക്കും നല്ല ഭാവി ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കും,” എന്ന് പ്രീമിയറായി ചുമതലയേറ്റ ശേഷം ഹോഗൻ പറഞ്ഞു.
പുതിയ മന്ത്രിസഭയിൽ ഏതാണ്ട് എല്ലാ ലിബറൽ MHAമാരും ഇടംപിടിച്ചു. സിയോബാൻ കോഡി ധനകാര്യവും, സ്റ്റീവ് ക്രോക്കർ വ്യവസായ-ഊർജ്ജ-സാങ്കേതിക വിദ്യയും, ജോൺ ഹാഗി നീതിന്യായ-പൊതുസുരക്ഷയും കൈകാര്യം ചെയ്യുന്ന പ്രധാന വകുപ്പുകൾ ഏറ്റെടുത്തു. കുടുംബക്ഷേമവും താങ്ങാനാവുന്ന നിരക്കുകളും സംബന്ധിച്ച വകുപ്പിന്റെ ചുമതല മന്ത്രിസഭയിൽ ആദ്യമായി കടന്നുവരുന്ന ജെയിമി കൊറാബിനാണ് നൽകിയിരിക്കുന്നത്.
ഈ വർഷം ഒരു പ്രവിശ്യ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യത്തിൽ, ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറിൽ അധികാരം നിലനിർത്തുന്നതിനുള്ള വെല്ലുവിളി നേരിടുന്ന ലിബറൽ സർക്കാരിനെ പ്രീമിയർ ഹോഗൻ ഇപ്പോൾ നയിക്കുന്നു. വീണ്ടും മത്സരിക്കാത്ത പെറി ട്രിമ്പർ, സ്പീക്കറായ ഡെറക് ബെന്നറ്റ്, ലൂസി സ്റ്റോയിൽസ് എന്നിവർ മന്ത്രിസഭയിൽ ഇല്ല എന്നത് ശ്രദ്ധേയമാണ്.






