രഞ്ജിത്ത് സംവിധാനം ചെയ്ത് പ്രകാശ് വർമ്മ കേന്ദ്ര കഥാപാത്രമായി എത്തിയ പുതിയ ചിത്രമാണ് ‘ലോ ആന്‍ഡ് ഓര്‍ഡര്‍’. മമ്മൂട്ടി അതിഥിവേഷത്തിലും സാക്ഷാല്‍ ബ്ലാക്ക് ചിത്രത്തിലെ കാരിക്കാമുറി ഷണ്മുഖനായുമെത്തിയ ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ഒപ്പം അഞ്ച് പുതുമുഖങ്ങളുടെ സാന്നിധ്യവും ചിത്രത്തിന് വലിയ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തിട്ടുണ്ട്.
ഇന്നത്തെ യുവത്വത്തിന്റെ സ്വാഭാവിക വളർച്ചയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന ലഹരി മാഫിയയെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. ലഹരിക്ക് ബലിയാടാകുന്നവരുടെ ജീവിതത്തിലേക്ക് കണ്ണോടിക്കുന്ന പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. മാഫിയ സംഘവുമായി അങ്കം കുറിക്കുന്ന അഞ്ച് യുവ പൊലീസ് ഉദ്യോഗസ്ഥരുടെയും അവരുടെ സീനിയർ ഉദ്യോഗസ്ഥൻ ബാലഗോപാലും (പ്രകാശ് വർമ്മ) ഭാര്യ വേണിയും (അഭിരാമി) നടത്തുന്ന പോരാട്ടങ്ങൾ സിനിമയിൽ ശക്തമായി അവതരിപ്പിച്ചിരിക്കുന്നു.
ചിത്രത്തിലെ മാഫിയ സംഘത്തിന്റെ ഇരയാകുന്ന അരുൺ അയ്യപ്പൻ പ്രേക്ഷകരുടെ നോവായി മാറുകയാണ്. ശക്തമായ കുടുംബമുഹൂർത്തങ്ങളും പ്രമേയത്തിന്റെ ഗൗരവവും കുടുംബ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് വ്യാപകമായി ആകർഷിക്കുന്നുണ്ട്. പുതുമുഖ താരങ്ങളുടെ പ്രകടനത്തെയും പ്രേക്ഷകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.
ഉദയ് കൃഷ്ണയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. സത്യം സിനിമാസ്, മഹാ സുബൈർ മൂവീക്ഷേത്ര എന്നീ ബാനറുകളില്‍ പ്രേമചന്ദ്രൻ എ ജി, മഹാസുബൈർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, സുരേഷ് കൃഷ്ണ, ജോയ് മാത്യു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. പിആര്‍ഒ ആയി വാഴൂർ ജോസ് പ്രവർത്തിക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








