കൊച്ചി: ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസൺ 8-ന്റെ പുതിയ പ്രമോ പുറത്തിറങ്ങി. സെപ്റ്റംബർ 6-ന് പുതിയ സീസണിന് തുടക്കമാകാനിരിക്കെ, ചാണക്യ തന്ത്രങ്ങളുമായി മോഹൻലാൽ എത്തുന്ന സിനിമാറ്റിക് പ്രമോ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ‘ജയിച്ചാൽ മാത്രം പോരാ, ജയിച്ചുകൊണ്ടിരിക്കണം’ എന്നതാണ് ഇത്തവണത്തെ ഷോയുടെ പ്രധാന ടാഗ്ലൈൻ. 100 ദിവസവും ഒരുപോലെ മികച്ച വിജയം നേടുന്നവർക്ക് മാത്രമേ ഇത്തവണത്തെ ബിഗ് ബോസ് കിരീടം സ്വന്തമാക്കാൻ സാധിക്കൂ എന്ന സൂചനയാണ് പ്രമോ നൽകുന്നത്.
പതിവ് ശൈലികളിൽ നിന്ന് മാറി മൂന്ന് മിനിറ്റോളം ദൈർഘ്യമുള്ള ഒരു സിനിമാറ്റിക് അനുഭവമായാണ് ഇത്തവണ പ്രമോ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ബിഗ് ബോസ് ചരിത്രത്തിൽ തന്നെ വേറിട്ട ഗ്യാങ്സ്റ്റർ പശ്ചാത്തലമാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു ക്രിമിനൽ ഗ്യാങ് തട്ടിക്കൊണ്ടുപോയ മോഹൻലാൽ അവരിൽനിന്ന് സാമം, ദാനം, ഭേദം, ദണ്ഡം എന്നീ നാല് ചാണക്യ തന്ത്രങ്ങളിലൂടെ എങ്ങനെ രക്ഷപ്പെടുന്നു എന്നതാണ് പ്രമോയുടെ ഇതിവൃത്തം. അനുനയത്തിലൂടെയും പ്രതിഫലം നൽകിയും ഗ്യാങ്ങിനുള്ളിൽ ഭിന്നത സൃഷ്ടിച്ചും ലാലേട്ടൻ ബുദ്ധിപരമായി കളത്തിൽ വിജയം നേടുന്നു.
സീസൺ 8-ൽ മത്സരാർത്ഥികളെ കാത്തിരിക്കുന്ന തന്ത്രങ്ങളും വെല്ലുവിളികളും എന്തൊക്കെയായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചന പ്രമോയിൽ അടങ്ങിയിട്ടുണ്ട്. ജനാധിപത്യപരമായ തീരുമാനങ്ങൾക്കാകും ഇത്തവണ മുൻഗണന നൽകുക. ഭൂരിപക്ഷ തീരുമാനത്തോടെ ആർക്ക് വേണമെങ്കിലും ആരെയും എപ്പോൾ വേണമെങ്കിലും പുറത്താക്കാനും തോൽപ്പിക്കാനും സാധിക്കും. അതുകൊണ്ടുതന്നെ ഓരോ അംഗവും എടുക്കുന്ന തീരുമാനങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും ഗെയിമിൽ നിർണായകമായി മാറും.
‘കോമണറുടെ ദിനം’ വഴി അഗ്നിപരീക്ഷ അതിജീവിച്ച് തിരഞ്ഞെടുക്കപ്പെടുന്ന സാധാരണക്കാരായ മത്സരാർത്ഥികളും ഇത്തവണ സീസൺ 8-ന്റെ ഭാഗമാകും. നിരവധി പുതിയ മാറ്റങ്ങളും അപ്രതീക്ഷിത സംഭവവികാസങ്ങളുമായി എത്തുന്ന ബിഗ് ബോസ് മലയാളം സീസൺ 8-നായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




