ഒന്റാരിയോ: നീന്തുന്നതിനിടെ ബോട്ടപകടത്തിൽപ്പെട്ട് കൊല്ലപ്പെട്ട സിൽവിയ ഡൊണാറ്റോയുടെ മരണത്തിൽ പ്രതിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താതെ പ്രൊവിൻഷ്യൽ ഒഫൻസ് കോടതിയിൽ വാദം കേൾക്കുന്നതിനെതിരെ കുടുംബം രംഗത്തെത്തി. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് ലേക്ക് നെപാവിനിൽ വെച്ചാണ് 52-കാരിയായ സിൽവിയ ഡൊണാറ്റോ ബോട്ടപകടത്തിൽപ്പെട്ടത്.
കാനഡ ഷിപ്പിംഗ് ആക്ട് പ്രകാരം സുരക്ഷിതമല്ലാത്ത രീതിയിൽ ബോട്ട് ഓടിച്ചതിന് 67 വയസ്സുകാരനായ വെയ്ഡ് ലാംബെർട്ടിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അപകടം നടന്ന് ഒരു ദിവസത്തിന് ശേഷം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സിൽവിയമരണത്തിന് കീഴടങ്ങിയത്. ഫെബ്രുവരി 5-ന് പ്രൊവിൻഷ്യൽ ഒഫൻസ് കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ സിൽവിയയുടെ കുടുംബാംഗങ്ങൾ നേരിട്ട് ഹാജരായിരുന്നു. മാർച്ച് 17-നാണ് കേസിൽ അടുത്ത വാദം കേൾക്കുന്നത്.
ഒരാളുടെ ജീവൻ നഷ്ടപ്പെട്ട കേസ് പ്രൊവിൻഷ്യൽ ഒഫൻസ് കോടതിയിൽ പരിഗണിക്കുന്നത് അപമാനകരമാണെന്ന് സിൽവിയയുടെ ഭർത്താവ് റാൻഡി ഡൊണാറ്റോ വ്യക്തമാക്കി. ഇൻഷുറൻസ് ഇല്ലാത്തവർക്കും മറ്റ് നിസ്സാര കുറ്റങ്ങൾ ചെയ്യുന്നവർക്കുമൊപ്പമാണ് ഈ കേസും പരിഗണിക്കുന്നത് അനാദരവാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിയമപരമായ പരിമിതികൾക്കുള്ളിൽ നിന്നാണ് പോലീസ് പ്രവർത്തിക്കുന്നതെന്ന് അറിയാമെങ്കിലും, ചെയ്ത തെറ്റിന് അർഹമായ ശിക്ഷ പ്രതിക്ക് ലഭിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അപകടസമയത്ത് ദൂരക്കാഴ്ചയുള്ള ഫ്ലൂറസെന്റ് ബോയ് ധരിച്ചാണ് സിൽവിയ നീന്തിയിരുന്നതെന്നും തെളിഞ്ഞ പകൽ വെളിച്ചത്തിലാണ് അപകടം നടന്നതെന്നും റാൻഡി ഡൊണാറ്റോ വ്യക്തമാക്കി. 24 വർഷത്തോളം അധ്യാപികയായിരുന്ന സിൽവിയ ഡൊണാറ്റോ ലാസൽ സെക്കൻഡറി സ്കൂൾ, ലോക്കറി കോമ്പോസിറ്റ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോറൻഷ്യൻ, സഡ്ബറി മാസ്റ്റേഴ്സ് നീന്തൽ ക്ലബ്ബുകളിലെ സജീവ അംഗമായിരുന്നു ഇവർ. നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങൾ ഈ പോരാട്ടം തുടരുന്നതെന്നും റാൻഡി വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Lake Nepawin boat accident: No criminal charges against suspect; Sylvia’s family seeks justice



