കോഴിക്കോട്: വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സ്ഥാപന ഉടമയും ജീവനക്കാരും ഒളിവിൽ പോയതായി കോഴിക്കോട് പോലീസ്. കോഴിക്കോട് പുതിയറയിൽ പ്രവർത്തിച്ചിരുന്ന ‘റമ്പിൾ ഹോളിഡേയ്സ്’ എന്ന സ്ഥാപനമാണ് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്.
പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു പ്രധാനമായും തട്ടിപ്പ് നടന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ, നവംബർ മാസങ്ങളിലായി മലപ്പുറം ആണ്ടിയൂർക്കുന്ന് സ്വദേശിയായ അബ്ദുൾ മജീദ് തന്റെ മകന്റെ വിസയ്ക്കായി നാല് ലക്ഷം രൂപ ഈ സ്ഥാപനത്തിൽ നൽകിയിരുന്നു. എന്നാൽ നിശ്ചിത സമയം കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെ തുടർന്ന് ഓഫീസിലെത്തിയപ്പോഴാണ് സ്ഥാപനം പൂട്ടിയ നിലയിൽ കണ്ടെത്തിയത്. ഉടമകളും ജീവനക്കാരും ഫോണിൽ ലഭ്യമാകാത്തതിനെ തുടർന്ന് ഇവർ തട്ടിപ്പിനിരയായ വിവരം തിരിച്ചറിയുകയായിരുന്നു.
റിജാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് റമ്പിൾ ഹോളിഡേയ്സ്. സ്ഥാപനത്തിലെ ജീവനക്കാരിയായ അമല ജോൺ വഴിയാണ് സാമ്പത്തിക ഇടപാടുകൾ ഭൂരിഭാഗവും നടന്നതെന്ന് ഇരകൾ പറയുന്നു. പണം നൽകിയ പലർക്കും വിസയോ നൽകിയ തുകയോ തിരികെ ലഭിച്ചിട്ടില്ല. നിലവിൽ സ്ഥാപന ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ കസബ സ്റ്റേഷനിൽ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
പ്രതികൾ നിലവിൽ ഒളിവിലാണെന്നും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. തങ്ങൾക്കുണ്ടായ ഭീമമായ സാമ്പത്തിക നഷ്ടം പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ വേണമെന്നാണ് മജീദ് ഉൾപ്പെടെയുള്ള പരാതിക്കാരുടെ ആവശ്യം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Kozhikode visa fraud: The owner and employees of the establishment that stole lakhs are absconding; Police have intensified the investigation



