വാഷിംഗ്ടൺ: അതിർത്തി കടന്നുള്ള അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തിനെതിരെ നീക്കങ്ങൾ ശക്തമാക്കി അമേരിക്ക. കാനഡയിൽ നിന്ന് യു.എസിലേക്ക് മാരകമായ ഫെന്റാനിൽ (Fentanyl) മയക്കുമരുന്ന് വൻതോതിൽ ഒഴുകുന്നു എന്ന കണ്ടെത്തലിനെ തുടർന്ന് കാനഡയിൽ രണ്ട് പുതിയ ഓഫീസുകൾ തുറക്കാൻ യു.എസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ (DEA) പദ്ധതിയിടുന്നു. കാനഡ വഴിയുള്ള മയക്കുമരുന്ന് കള്ളക്കടത്തിന്റെ വഴികൾ കൃത്യമായി നിരീക്ഷിക്കാനും തടയാനുമാണ് ഈ അടിയന്തര നീക്കം.
മേയ് 12-ന് നടന്ന യു.എസ് സെനറ്റ് ഹിയറിംഗിലാണ് ഡി.ഇ.എ അഡ്മിനിസ്ട്രേറ്റർ ടെറൻസ് കോൾ ഈ നിർണായക വിവരം പുറത്തുവിട്ടത്. 2027-ഓടെ പുതിയ ഓഫീസുകൾ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രഖ്യാപനമെങ്കിലും ഇവ ഏതെല്ലാം നഗരങ്ങളിലായിരിക്കുമെന്ന് സുരക്ഷാ കാരണങ്ങളാൽ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, കാനഡയിലെ ഏറ്റവും വലിയ തുറമുഖമായ വാൻകൂവർ വഴിയാണ് പ്രധാനമായും മയക്കുമരുന്ന് കടത്തുന്നത് എന്ന് ഡി.ഇ.എ അടയാളപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ കാനഡയിൽ വെച്ച് വൻതോതിൽ ഫെന്റാനിൽ ശേഖരം ഡി.ഇ.എ സംഘം പിടികൂടിയിരുന്നു. കാനഡയുടെ വടക്കൻ അതിർത്തി കേന്ദ്രീകരിച്ച് മെക്സിക്കൻ മയക്കുമരുന്ന് മാഫിയകൾ (Mexican Cartels) ഉത്പാദനവും വിതരണവും ആരംഭിച്ചതാണ് അമേരിക്കയെ പെട്ടെന്ന് പ്രകോപിപ്പിച്ചത്.
തെക്കൻ അതിർത്തിയായ മെക്സിക്കോയിൽ സുരക്ഷ കർശനമാക്കിയതോടെയാണ് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങൾ തന്ത്രപരമായി കാനഡയെ സുരക്ഷിത താവളമാക്കാൻ തുടങ്ങിയതെന്ന് എഫ്.ബി.ഐ (FBI) ഡയറക്ടർ കാഷ് പട്ടേൽ സെനറ്റിൽ വ്യക്തമാക്കി. കാനഡ അതിർത്തി വഴി അലാസ്കയിലേക്കും അമേരിക്കയിലെ ഗോത്രവർഗ്ഗ മേഖലകളിലേക്കും മയക്കുമരുന്ന് എത്തിക്കുകയാണ് ഇവരുടെ പുതിയ രീതി. വാൻകൂവർ തുറമുഖം വഴി എത്തുന്ന രാസവസ്തുക്കൾ ഉപയോഗിച്ച് കാനഡയിൽ പ്രവർത്തിക്കുന്ന അത്യാധുനിക ‘സൂപ്പർ ലബോറട്ടറികളിലാണ്’ ഫെന്റാനിൽ നിർമ്മിക്കുന്നത്. 2024 ഒക്ടോബറിൽ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) ഇത്തരമൊരു വൻകിട ലബോറട്ടറി തകർത്തിരുന്നു.
കാനഡയിൽ നിന്നുള്ള മയക്കുമരുന്ന് കടത്ത് മെക്സിക്കൻ അതിർത്തിയെ അപേക്ഷിച്ച് കുറവാണെങ്കിലും (2024-ൽ കാനഡ അതിർത്തിയിൽ 22.7 കിലോഗ്രാമും മെക്സിക്കോ അതിർത്തിയിൽ 9,354 കിലോഗ്രാമും ഫെന്റാനിലാണ് പിടുകൂടിയത്) ഇത് ഭാവിയിൽ ഉയർത്തുന്ന സുരക്ഷാ ഭീഷണി ചെറുതല്ലെന്നാണ് യു.എസ് വിലയിരുത്തൽ.
പ്രശ്നം പരിഹരിക്കാൻ കനേഡിയൻ അതിർത്തി രക്ഷാസേന (CBSA), പ്രാദേശിക പോലീസ് എന്നിവരുമായി ചേർന്ന് സംയുക്ത പരിശോധനകൾ ശക്തമാക്കാനാണ് ഡി.ഇ.എയും എഫ്.ബി.ഐയും ലക്ഷ്യമിടുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്തെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് മയക്കുമരുന്ന് നിർമ്മാർജ്ജനമായതിനാൽ, വരും ദിവസങ്ങളിൽ കനേഡിയൻ അതിർത്തിയിൽ അന്താരാഷ്ട്ര തലത്തിലുള്ള പരിശോധനകൾ ഇനിയും കർശനമാക്കാനാണ് സാധ്യത.
Killer drugs smuggled to US via Vancouver; US security agencies sweep Canada
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt










