കൊച്ചി: മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ രാജ്യന്തരതലത്തിൽ അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്തു നടത്തിയ റാക്കറ്റിന്റെ പണമിടപാടുകൾ നടന്നത് കൊച്ചിയിലെ സ്ഥാപനം വഴിയാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെത്തി. കൊച്ചി പാലാരിവട്ടം സ്വദേശിയും കേസിലെ പ്രധാന പ്രതിയുമായ മധു ജയകുമാർ തുടങ്ങിയ ‘സ്റ്റെമ്മ ക്ലബ്’ എന്ന മെഡിക്കൽ ട്രീറ്റ്മെന്റ്–ടൂറിസം സ്ഥാപനത്തെയാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള മറയാക്കിയത്. പ്രധാന പ്രതിയായ മധു ജയകുമാറിനെ ഈ മാസം 24 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. മനുഷ്യക്കടത്തിനു പിന്നിൽ കൂടുതൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചു.
അവയവക്കടത്ത് നടന്നത് ഇങ്ങനെ
സ്ഥാപനം മെഡിക്കൽ ടൂറിസത്തിനായുള്ളതാണെന്ന് വിശ്വസിപ്പിച്ചാണ് മധു ജയകുമാർ സ്റ്റെമ്മ ക്ലബ് ആരംഭിച്ചത്. എന്നാൽ അവയവ കടത്തു വഴിയുള്ള വൻ തുകകൾ എത്തിയിരുന്നത് ഈ ക്ലബിന്റെ പേരിലാണ്. അവയവം ആവശ്യമുള്ളവരിൽ നിന്ന് സംഘം 50 ലക്ഷം രൂപ വരെ ഈടാക്കിയിരുന്നു. ദാതാക്കൾക്ക് 6 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ അവയവം ദാനം ചെയ്ത ശേഷം മിക്കവർക്കും ഈ പണം മുഴുവനായി ലഭിച്ചിരുന്നില്ല. കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു പ്രധാനമായും അവയവദാതാക്കൾ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കായിരുന്നു അവയവങ്ങൾ നൽകിയിരുന്നത്.
അന്വേഷണത്തിന്റെ തുടക്കം
കഴിഞ്ഞ വർഷം മേയ് 18 ന് തൃശൂർ സ്വദേശി സാബിത് നാസർ നെടുമ്പാശ്ശേരിയിൽ പിടിയിലായതോടെയാണ് ഈ അന്താരാഷ്ട്ര അവയവക്കടത്ത് റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. കൊച്ചി, കുവൈത്ത്, ഇറാൻ റൂട്ടുകളിലാണ് ഇയാൾ നിരന്തരം യാത്ര ചെയ്തിരുന്നത്. വൃക്ക ദാനം നിയമപരമാണെന്ന് വിശ്വസിപ്പിച്ച് വ്യാജരേഖകൾ നിർമ്മിച്ചാണ് ആളുകളെ ഇറാനിലേക്ക് കടത്തിയിരുന്നത്.
സാബിത്ത് പിടിയിലായതിന് പിന്നാലെ കേസിലെ മുഖ്യസൂത്രധാരനെന്നു കരുതപ്പെടുന്ന ഹൈദരാബാദ് സ്വദേശി ബെല്ലംകൊണ്ട രാമപ്രസാദും, പണമിടപാടുകൾ കൈകാര്യം ചെയ്തിരുന്ന കൊച്ചി എടത്തല സ്വദേശി സജിത്ത് ശ്യാമും അറസ്റ്റിലായി. നവംബർ ഏഴിന് ഇറാനിൽ നിന്ന് കൊച്ചി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് മധു ജയകുമാറിനെ എൻഐഎ അറസ്റ്റ് ചെയ്തത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Kerala Man Arrested in International Organ Trafficking Case





