വയനാട്: വയനാട് ചെറുകാട്ടൂരിൽ വോട്ടർമാരെ രാഷ്ട്രീയമായി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയെത്തുടർന്ന് പോളിങ് ഓഫീസറെ ചുമതലയിൽ നിന്ന് നീക്കി. മാനന്തവാടി നിയോജക മണ്ഡലത്തിലെ ചെറുകാട്ടൂർ സെന്റ് ജോസഫ് സ്കൂളിലെ 199-ാം നമ്പർ ബൂത്തിലാണ് സംഭവം നടന്നത്. വോട്ട് ചെയ്യാനായി ക്യൂവിൽ നിന്ന വോട്ടർമാരോടും ബൂത്തിനകത്തെത്തിയ പ്രായമായവരോടും താമര ചിഹ്നത്തിന് വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥൻ നിർദേശിച്ചുവെന്നാണ് ഉയർന്നിരിക്കുന്ന പരാതി.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കോൺഗ്രസ് പ്രവർത്തകർ തിരഞ്ഞെടുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ നിർബന്ധമായും പാലിക്കേണ്ട രാഷ്ട്രീയ നിഷ്പക്ഷത ലംഘിച്ചതിനാണ് ഇയാൾക്കെതിരെ അടിയന്തര നടപടി സ്വീകരിച്ചത്. ഇതേത്തുടർന്ന് ഇദ്ദേഹത്തെ മാറ്റി പുതിയ ഉദ്യോഗസ്ഥനെ നിയമിക്കുകയും വോട്ടെടുപ്പ് സുഗമമായി പുനരാരംഭിക്കുകയും ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിനും സാധ്യതയുണ്ട്. പരാതിയെത്തുടർന്ന് ബൂത്തിന് മുന്നിൽ നേരിയ തോതിൽ വാക്കേറ്റം ഉണ്ടായെങ്കിലും പുതിയ ഉദ്യോഗസ്ഥൻ ചുമതലയേറ്റതോടെ സ്ഥിതിഗതികൾ ശാന്തമായി.
അതിനിടെ, പേരാവൂരിൽ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ ദേഹത്ത് നായ്ക്കുരണപ്പൊടി വിതറിയതായി കോൺഗ്രസ് പരാതിപ്പെട്ടു. പേരാവൂർ നിയോജകമണ്ഡലത്തിലെ 85-ാം നമ്പർ ബൂത്തായ മുഴക്കുന്ന് ഗവ. യുപി സ്കൂളിൽ യുഡിഎഫ് ബൂത്ത് ഏജന്റ് സജിത മോഹനന്റെ ദേഹത്തേക്ക് സിപിഎം പ്രവർത്തകർ നായ്ക്കുരണ പൊടി വിതറിയെന്നാണ് പരാതി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Kerala is heading to the polling booths today for the 16th Legislative Assembly elections



