അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ യുവപുരുഷന്മാരുടെ ഹൃദയാരോഗ്യത്തിനും പ്രത്യുത്പാദന ശേഷിക്കും ഹാനികരമാണെന്ന് പുതിയ പഠനം. കലോറി അധികമായി കഴിക്കുന്നില്ലെങ്കിൽ പോലും ഈ ഭക്ഷണങ്ങൾ ദോഷകരമാണെന്ന് ഗവേഷകർ കണ്ടെത്തി. സെൽ മെറ്റബോളിസം എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിൽ 20നും 35നും ഇടയിൽ പ്രായമുള്ള 43 പുരുഷന്മാരെയാണ് ഗവേഷകർ ഉൾപ്പെടുത്തിയത്. ഫ്രോസൺ പിസ, ചിപ്സ്, പാക്കേജ്ഡ് സ്നാക്സ്, പഞ്ചസാര അടങ്ങിയ ധാന്യങ്ങൾ, ശീതളപാനീയങ്ങൾ തുടങ്ങിയവയാണ് അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നത്.
ഇവ നിർമ്മാണ പ്രക്രിയയിൽ വലിയ രീതിയിൽ രാസമാറ്റങ്ങൾ വരുത്തുന്നവയാണ്. കാനഡയിൽ, ഒരാളുടെ ശരാശരി ഭക്ഷണത്തിൻ്റെ പകുതിയോളം ഇത്തരം ഭക്ഷണങ്ങളാണ്. പഠനത്തിൽ പങ്കെടുത്ത ആളുകൾക്ക് അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ അടങ്ങിയ ഭക്ഷണക്രമവും അല്ലാത്ത ഭക്ഷണക്രമവും മൂന്നാഴ്ചത്തെ ഇടവേളകളിൽ നൽകി. ഇതിൽ ഓരോ വിഭാഗത്തെയും രണ്ട് ഗ്രൂപ്പുകളായി തിരിച്ചു. ഒരു ഗ്രൂപ്പിന് അവരുടെ പ്രായത്തിനും ശരീരപ്രവർത്തനങ്ങൾക്കും ആവശ്യമായ കലോറിയും മറ്റേ ഗ്രൂപ്പിന് അധിക കലോറിയും നൽകി.
ഇരു ഗ്രൂപ്പുകൾക്കും ഒരേ അളവിൽ പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് എന്നിവയും നൽകി. പരീക്ഷണത്തിൽ വളരെ വ്യത്യസ്തമായ ഫലങ്ങളാണ് ലഭിച്ചത്. കലോറിയുടെ അളവ് തുല്യമായിരുന്നിട്ടും, അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ കഴിച്ച പുരുഷന്മാരുടെ ശരീരഭാരം ഗണ്യമായി വർധിക്കുകയും കൊളസ്ട്രോൾ നില വഷളാവുകയും ചെയ്തു. ഇതിലൂടെ ശരീരഭാരം ഒരു കിലോയിലധികം വർധിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് പഠനത്തിൻ്റെ പ്രധാന എഴുത്തുകാരിയായ ജെസീക്ക പ്രെസ്റ്റൺ പറഞ്ഞു.
അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ ദഹനവ്യവസ്ഥയുമായി എങ്ങനെ പ്രതിപ്രവർത്തിക്കുന്നു എന്നതാണ് ഈ മാറ്റങ്ങൾക്ക് കാരണമെന്ന് പ്രെസ്റ്റൺ പറയുന്നു. നാരുകളുടെയും പോഷകങ്ങളുടെയും അളവ്, ഭക്ഷണങ്ങൾ ശരീരത്തിൻ്റെ മെറ്റബോളിസത്തെ സ്വാധീനിക്കുന്നത് എന്നിവ കലോറിയുടെ അളവ് തുല്യമായിരിക്കുമ്പോൾ പോലും ശരീരത്തിൽ ഊർജ്ജം സംഭരിക്കുന്ന രീതിയെ ബാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ശരീരഭാരത്തിന് പുറമെ അൾട്രാ-പ്രോസസ്ഡ് ഭക്ഷണം കഴിച്ച പുരുഷന്മാരിൽ ബീജത്തിൻ്റെ ഗുണനിലവാരം, ചലനശേഷി, ടെസ്റ്റോസ്റ്റിറോൺ പോലുള്ള പ്രത്യുത്പാദന ഹോർമോണുകൾ എന്നിവ കുറഞ്ഞതായും ഗവേഷകർ കണ്ടെത്തി.
ചരിത്രപരമായി പ്രത്യുത്പാദന ആരോഗ്യത്തെക്കുറിച്ചുള്ള ഉപദേശങ്ങൾ പുരുഷന്മാർക്ക് ലഭിച്ചിരുന്നില്ലെന്നും ഈ പഠനം അതിനൊരു മാറ്റമുണ്ടാക്കുമെന്നും പ്രെസ്റ്റൺ പറഞ്ഞു. ആരോഗ്യകരമായ ഭക്ഷണരീതികൾ തിരഞ്ഞെടുക്കുന്നതിലൂടെ പുരുഷന്മാരുടെ പ്രത്യുത്പാദന ശേഷി മെച്ചപ്പെടുത്താൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഒരു വ്യക്തിയുടെ ഭക്ഷണക്രമത്തിൽ നിന്ന് ഈ ഭക്ഷണങ്ങൾ പൂർണ്ണമായി ഒഴിവാക്കണമെന്ന് താൻ പറയില്ലെന്നും എന്നാൽ, ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കാൻ എപ്പോഴും ശ്രദ്ധിക്കണമെന്നും പ്രെസ്റ്റൺ അഭിപ്രായപ്പെട്ടു.



