ടോക്കിയോ: ജപ്പാനിൽ പെയ്തിറങ്ങിയ റെക്കോർഡ് മഴയിലും മിന്നൽപ്രളയത്തിലും നാല് പേർ മരണപ്പെട്ടതായി റിപ്പോർട്ട്. തലസ്ഥാനമായ ടോക്കിയോയോട് ചേർന്നുള്ള ചിബ പ്രവിശ്യയെ മുക്കിയ പ്രളയത്തെ തുടർന്ന് പ്രമുഖ അന്താരാഷ്ട്ര വിമാനത്താവളമായ നരിതയിൽ ഏഴായിരത്തോളം യാത്രക്കാർ കുടുങ്ങി. കനത്ത മഴയെത്തുടർന്ന് ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുകയും മേഖലയിലുടനീളം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തതോടെ ജനജീവിതം പൂർണ്ണമായി സ്തംഭിച്ച അവസ്ഥയിലാണ്.
ചിബയിലെ ചില പ്രദേശങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 360 മില്ലീമീറ്ററിലധികം മഴയാണ് പെയ്തൊഴിഞ്ഞത്. വഴിയിലുണ്ടായ രൂക്ഷമായ വെള്ളക്കെട്ടിൽ കാർ മുങ്ങി കുടുങ്ങിയാണ് മരിച്ചവരിൽ ഒരാൾ. മേഖലയിലെ കാൽലക്ഷത്തോളം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു. രാജ്യത്തെ ഏറ്റവും തിരക്കേറിയ അവധിക്കാല ആഘോഷങ്ങൾക്കിടെ എത്തിയ ഈ പ്രകൃതിദുരന്തം കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ദുരന്തബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നിലവിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
ടോക്കിയോയെയും നരിത വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേകൾ അടച്ചതോടെ ബദൽ റോഡുകളിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
നിർത്തിവെച്ചിരുന്ന ട്രെയിൻ സർവീസുകളിൽ ചിലത് വെള്ളിയാഴ്ച രാവിലെയോടെ സർവീസ് പുനരാരംഭിച്ചു. വെള്ളിയാഴ്ച വിമാന സർവീസുകൾ മുടക്കമില്ലാതെ നടക്കുമെന്നും, എന്നാൽ ചില വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെങ്കിലും റദ്ദാക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. മുൻപ് കേട്ടുകേൾവിയില്ലാത്ത അസാധാരണ സാഹചര്യത്തിലൂടെയാണ് പ്രവിശ്യ കടന്നുപോകുന്നതെന്ന് ചിബ ഗവർണർ തോഷിഹിതോ കുമാഗായി വ്യക്തമാക്കി.
Japan Record Rain and Flash Floods: Four Dead




