ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയോടെ തെക്കൻ കശ്മീരിലെ പഹൽഗാമിലാണ് ആക്രമണമുണ്ടായത്. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയുമെന്ന് സൂചന. കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ (65) കൊല്ലപ്പെട്ടുവെന്നാണ് വിവരം. കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിന് പോയതായിരുന്നു രാമചന്ദ്രൻ. ഇത്തരത്തിലൊരു വിവരം കിട്ടിയതായി കൊച്ചി സിറ്റി പോലിസ് കമ്മീഷ്ണർ സ്ഥിരീകരിച്ചു. ഭാര്യയുടെയും കുടുംബത്തിന്റെയും മുന്നിൽ വച്ചായിരുന്നു രാമചന്ദ്രൻ മരിച്ചത്. മകളും ഒപ്പമുണ്ടായിരുന്നു. ഷീല രാമചന്ദ്രൻ ആണ് ഭാര്യ. കൊച്ചിയിലെ നേവി ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് വിനയ് നർവാളും ഭീകരാക്രമണത്തിൽ മരിച്ചതായാണ് റിപ്പോർട്ട്. കൊച്ചിയിലെ ഉദ്യോഗസ്ഥൻ ആയിരുന്നു 26കാരനായ ഹരിയാന സ്വദേശിയായ വിനയ്.
ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടുവെന്ന് കശ്മീരിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആക്രമണം നടന്ന പഹൽഗാമിൽ നിന്ന് മൃതദേഹങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ രണ്ട് വിദേശികളും ഉൾപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ, ഇറ്റലി സ്വദേശികളെന്നാണ് സൂചന. കാൽനടയായോ കുതിരപ്പുറത്തോ മാത്രം എത്താവുന്ന ‘മിനി സ്വിറ്റ്സർലൻഡ്’ എന്ന് വിളിപ്പേരുള്ള പുൽമേടായ ബൈസാരനിലാണ് സംഭവം. സൈനിക വേഷം ധരിച്ച് രണ്ടോ മൂന്നോ പുരുഷന്മാരാണ് വെടിയുതിർത്തതെന്ന് ദൃക്സാക്ഷികൾ സുരക്ഷാ സേനയോട് പറഞ്ഞു. വെടിവെപ്പിന് പിന്നാലെ പ്രദേശത്തിന്റെ നിയന്ത്രണം സുരക്ഷാസേന ഏറ്റെടുത്തു. പ്രദേശം വളഞ്ഞ സേന ഭീകരർക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. റോഡുകളിൽ പരിശോധനയും ശക്തമാക്കി.അതേസമയം, പാകിസ്താൻ ആസ്ഥാനമായ ഭീകരസംഘടന ലഷ്കറെ ത്വയ്യിബയുടെ പ്രാദേശിക വിഭാഗമായ റെസിസ്റ്റൻസ് ഫ്രണ്ട് (ടി.ആർ.എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.






