വിമാനയാത്ര കൂടുതൽ സുഖകരമാക്കുന്നതിനായി, വലിയ വില നൽകിയും പ്രീമിയം സീറ്റുകൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വൻതോതിൽ വർദ്ധിക്കുന്നതായും എയർലൈനുകളുടെ റിപ്പോർട്ട്. എയർ കാനഡയും വെസ്റ്റ്‌ജെറ്റും അടക്കമുള്ള പ്രധാന വിമാനക്കമ്പനികൾ പ്രീമിയം, ബിസിനസ് ക്ലാസുകളിൽ നിന്നുള്ള വരുമാനത്തിൽ ഗണ്യമായ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. വർഷങ്ങളോളം ഇക്കോണമി ക്ലാസ്സിൽ യാത്ര ചെയ്തവർ പോലും ഇപ്പോൾ ബിസിനസ് ക്ലാസ്സിലേക്കും പ്രീമിയം ഇക്കോണമിയേക്കും മാറാൻ തയ്യാറാവുകയാണ്. ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം, വിമാനക്കമ്പനികൾ വരുമാനം വർദ്ധിപ്പിക്കാനായി ഇക്കോണമി ക്ലാസ്സിൽ സീറ്റുകൾ തിങ്ങിനിറയ്ക്കുകയും, ലഗേജ് സൗകര്യം, അധികം സ്ഥലസൗകര്യം പോലുള്ള അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും കൂടുതൽ പണം ഈടാക്കുകയും ചെയ്യുന്ന നിലവിലെ സാഹചര്യമാണ്.
ഇപ്പോഴത്തെ ഇക്കോണമി ക്ലാസ് അനുഭവം പല യാത്രക്കാർക്കും തൃപ്തികരമല്ലാത്ത ഒന്നായി മാറിയിരിക്കുന്നു. ചില വിമാനങ്ങളിൽ ഇപ്പോൾ സീറ്റുകൾ ചാരിയിടാനുള്ള സൗകര്യം പോലും ഇല്ലാതാക്കിയിട്ടുണ്ട്. ഇത് യാത്ര കൂടുതൽ ബുദ്ധിമുട്ടാക്കുന്നു. കൂടാതെ, കണക്ഷൻ ഫ്ലൈറ്റുകളിൽ ലഗേജ് നഷ്ടപ്പെടുമോ എന്നുള്ള ആശങ്കകളും, മെച്ചപ്പെട്ട സേവനവും സുരക്ഷിതത്വവും ഉറപ്പാക്കാനായി പലരും ഉയർന്ന ക്ലാസ്സുകളിലേക്ക് മാറാൻ കാരണമാകുന്നു. ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്ക് ഇക്കോണമിയേക്കാൾ നാലിരട്ടി വരെ വിലയുണ്ടെങ്കിലും, പ്രീമിയം ഇക്കോണമി (ഇക്കോണമി ക്ലാസ് ടിക്കറ്റിന്റെ ഏകദേശം ഇരട്ടി വില) മെച്ചപ്പെട്ട സുഖസൗകര്യങ്ങൾ നൽകുന്നതിലൂടെ പല യാത്രക്കാരുടെയും “അനുയോജ്യമായ തിരഞ്ഞെടുപ്പായി” മാറുകയാണ്.
യാത്രാനുഭവങ്ങൾക്ക് കൂടുതൽ മൂല്യം നൽകുന്ന ഒരു വിഭാഗം ആളുകളുടെ സാമ്പത്തികപരമായ തീരുമാനമാണ് ഈ ട്രെൻഡിന് പിന്നിലുള്ള പ്രധാന ഘടകം. കൂടാതെ, സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ബിസിനസ് ക്ലാസ് യാത്രകളുടെ ചിത്രങ്ങൾ ‘FOMO’ (Fear of Missing Out) വർദ്ധിപ്പിക്കുന്നു. എയർലൈനുകൾ ആണെങ്കിൽ ബിഡ്ഡിംഗ് സിസ്റ്റം പോലുള്ള ആകർഷകമായ ഓഫറുകളിലൂടെ യാത്രക്കാരെ അപ്ഗ്രേഡിനായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ചില സമയങ്ങളിൽ, ഡിമാൻഡ് അനുസരിച്ച് വില മാറുന്ന ഡൈനാമിക് പ്രൈസിംഗ് രീതി കാരണം പ്രീമിയം ഇക്കോണമി ടിക്കറ്റുകൾ സാധാരണ ഇക്കോണമിയേക്കാൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കാനും സാധ്യതകളുണ്ട്. അതുകൊണ്ട് തന്നെ, ഉയർന്ന നിലവാരമുള്ള യാത്രാനുഭവങ്ങൾക്ക് വേണ്ടി പണം മുടക്കാൻ തയ്യാറുള്ളവരുടെ ഈ പ്രവണത ഇനിയും തുടരുമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
'It doesn't matter if the money is gone'! Why are airline passengers now seeking premium seats?






