വിപണിയിലെ വ്യാപാര യുദ്ധങ്ങളും അനിശ്ചിതത്വവും സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുന്നതിനാൽ ആഗോള സാമ്പത്തിക വളർച്ച 2.3 ശതമാനമായി കുറയുമെന്ന് യുഎൻ വാണിജ്യ വികസന ഏജൻസിയുടെ റിപ്പോർട്ട്. ആഗോള വളർച്ച 2025ൽ 2.3% ആയി കുറയുമെന്നാണ് പ്രവചനം. ഇത്തരത്തിലൊരു കുറവ് സംഭവിച്ചാൽ അത് ലോക സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിന്റെ തള്ളിവിടുമെന്നും യുഎൻസിടിഎഡി പ്രവചിക്കുന്നു.2024ൽ ആഗോള സമ്പദ്വ്യവസ്ഥ 2.8% വളർച്ച കൈവരിച്ചിരുന്നതിൽ നിന്നാണ് ഒരുവർഷത്തിനിപ്പുറം വലിയ തകർച്ചയിലേക്ക് പോകുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഏപ്രിൽ 2ന് വിവിധ രാജ്യങ്ങൾക്ക് പകരച്ചുങ്കം പ്രഖ്യാപിച്ചത് വിപണിയെ പിടിച്ചുലച്ചു. താരിഫ് ആശങ്കകൾ നിക്ഷേപകരുടെ ഉത്കണ്ഠയ്ക്ക് ആക്കം കൂട്ടുകയും യുഎസിൽ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയം വർധിക്കുകയും ചെയ്തതായാണ് വിലയിരുത്തൽ. ഗസ്സ – ഇസ്രായേൽ യുദ്ധം, റഷ്യ – യുക്രൈൻ യുദ്ധം എന്നിവയും സാമ്പത്തിക ക്രമത്തെ ബാധിച്ചിട്ടുണ്ട്.
തുടർച്ചയായുള്ള വ്യാപാര നിയന്ത്രണ നടപടികളും ഭൗമ-സാമ്പത്തിക ഏറ്റുമുട്ടലും യുദ്ധങ്ങളും ആഗോളതലത്തിൽ സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുമെന്ന് യുഎൻസിടിഎഡി റിപ്പോർട്ട് പറഞ്ഞു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അനിശ്ചിതത്വത്തിലേക്ക് സമ്പദ് വ്യവസ്ഥ എത്തുമെന്ന ഞെട്ടിക്കുന്ന പ്രവചനവും പുറത്തുവരുന്നുണ്ട്.



