ടൊറന്റോ: കാനഡയുടെ കുടിയേറ്റ മന്ത്രാലയമായ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC), 2026 ഏപ്രിൽ മാസത്തെ പുതിയ പ്രോസസ്സിംഗ് സമയവിവരങ്ങൾ പുറത്തുവിട്ടു. ഏപ്രിൽ ഏഴാം തീയതി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പൗരത്വ അപേക്ഷകളിലും ഇന്ത്യയിൽ നിന്നുള്ള വിസിറ്റർ വിസകളിലും വലിയ പുരോഗതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പൗരത്വ അപേക്ഷകൾ തീർപ്പാക്കാനുള്ള സമയം 14 മാസത്തിൽ നിന്ന് 12 മാസമായി കുറഞ്ഞതാണ് പ്രധാന മാറ്റം. 2025 അവസാനത്തിന് ശേഷമുള്ള ഏറ്റവും വേഗതയേറിയ നിരക്കാണിത്. ഇന്ത്യയിൽ നിന്നുള്ള വിസിറ്റർ വിസ അപേക്ഷകൾക്ക് മുൻപ് 78 ദിവസം വേണ്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ വെറും 28 ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകും. പുതിയ പി.ആർ കാർഡുകൾ 51 ദിവസത്തിനുള്ളിലും പുതുക്കുന്നവ 27 ദിവസത്തിനുള്ളിലും ലഭിക്കും. സ്റ്റഡി പെർമിറ്റുകൾക്കായി ഇന്ത്യക്കാർക്ക് നിലവിൽ ഇനി മൂന്നാഴ്ചത്തെ കാത്തിരിപ്പ് മതിയാകും.
എന്നാൽ, ക്യുബെക്ക് പ്രവിശ്യയിലെ ഫാമിലി സ്പോൺസർഷിപ്പ് വിഭാഗത്തിൽ കടുത്ത പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. മാതാപിതാക്കളെയും മുത്തശ്ശിമാരെയും സ്പോൺസർ ചെയ്യാനുള്ള അപേക്ഷകളിൽ തീരുമാനമാകാൻ നിലവിൽ 67 മാസം വരെ കാത്തിരിക്കേണ്ടി വരും. ഒരു മാസത്തിനിടെ പ്രോസസ്സിംഗ് സമയത്തിൽ 20 മാസത്തിന്റെ വർധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. കൂടാതെ, വിസിറ്റർ റെക്കോർഡ് പുതുക്കാനുള്ള സമയപരിധി 306 ദിവസമായി ഉയർന്നതും അപേക്ഷകർക്ക് തിരിച്ചടിയായി . മാനുഷിക പരിഗണനയിൽ നൽകുന്ന (H&C) അപേക്ഷകളിൽ 10 വർഷത്തിലധികം വൈകിപ്പാണ് ഇപ്പോൾ നേരിടുന്നത്.
സുരക്ഷാ പരിശോധനകൾ, രാജ്യങ്ങൾക്കനുസരിച്ചുള്ള വ്യത്യാസങ്ങൾ, സമർപ്പിക്കുന്ന രേഖകളുടെ പൂർണ്ണത എന്നിവ പ്രോസസ്സിംഗ് സമയത്തെ ബാധിക്കുമെന്ന് ഐ.ആർ.സി.സി അറിയിച്ചു. അപേക്ഷകൾ കൃത്യമായി സമർപ്പിക്കാനും ഔദ്യോഗിക വെബ്സൈറ്റ് വഴി മാറ്റങ്ങൾ നിരീക്ഷിക്കാനും അധികൃതർ നിർദ്ദേശിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
IRCC releases processing times for April 2026; Visitor visas for Indians to be processed faster




