ന്യൂഡൽഹി: കുറഞ്ഞ ബാഗേജുമായി യാത്ര ചെയ്യുന്നവർക്കായി വിമാന ടിക്കറ്റ് നിരക്കിൽ വൻ ഇളവുകളുമായി പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ. ‘ഇൻഡിഗോ ലൈറ്റ്’ (IndiGo Lite) എന്ന പേരിലാണ് കമ്പനി പുതിയ നിരക്കുകൾ അവതരിപ്പിച്ചിരിക്കുന്നത്. 2026 ജൂലൈ ഒന്നുമുതൽ ഇൻഡിഗോയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, കോൺടാക്റ്റ് സെന്റർ തുടങ്ങിയ ബുക്കിങ് പ്ലാറ്റ്‌ഫോമുകൾ വഴി യാത്രക്കാർക്ക് ഈ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. 2026 ജൂലൈ 15 മുതൽ ആരംഭിക്കുന്ന യാത്രകൾക്കാണ് ഈ പ്രത്യേക ഇളവുകളോട് കൂടിയ ടിക്കറ്റ് നിരക്കുകൾ ബാധകമാകുക.
ഇൻഡിഗോയുടെ എല്ലാ നോൺ-സ്റ്റോപ്പ് ആഭ്യന്തര, അന്തർദേശീയ സർവീസുകളിലും ഒരേപോലെ ഈ പുതിയ നിരക്കുകൾ ലഭ്യമാകും. ഏകദിശ, റൗണ്ട് ട്രിപ്പ്, മൾട്ടി-സിറ്റി ബുക്കിങ്ങുകൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഈ ആനുകൂല്യം ലഭിക്കും. ഇൻഡിഗോ ലൈറ്റ് നിരക്കിൽ ടിക്കറ്റ് എടുക്കുന്ന യാത്രികർക്ക് പരമാവധി 7 കിലോഗ്രാം വരെ ഭാരമുള്ള ഒരു കാബിൻ ബാഗ് മാത്രമേ വിമാനത്തിനുള്ളിലേക്ക് കൊണ്ടുപോകാൻ അനുമതിയുണ്ടാകൂ.
ഇൻഡിഗോ ലൈറ്റ് വഴി ടിക്കറ്റ് എടുക്കുന്നവർക്ക് വിമാനത്തിലെ സീറ്റുകൾ സൗജന്യമായി ഓട്ടോ അസൈൻ (സ്വയം നിശ്ചയിക്കപ്പെടും) ചെയ്യപ്പെടും. അതെ സമയം, അധികമായി ചെക്ക്-ഇൻ ബാഗേജ് ഉള്ളവർക്കും, ഇഷ്ടാനുസൃത സീറ്റ് തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്കും, വിമാനത്തിനുള്ളിലെ ഭക്ഷണം, ‘ഫാസ്റ്റ് ഫോർവേഡ്’ ഉൾപ്പെടെയുള്ള മുൻഗണനാ സേവനങ്ങൾ എന്നിവ ആവശ്യമുള്ളവർക്കും അധിക തുക നൽകി ഇവ പ്രത്യേകം വാങ്ങാവുന്നതാണ്. വിമാനത്തിലെ ലഭ്യതാ സൗകര്യങ്ങൾക്ക് അനുസരിച്ചായിരിക്കും ഈ അധിക സേവനങ്ങൾ അനുവദിക്കുക.
പുതിയ ലൈറ്റ് നിരക്ക് തിരഞ്ഞെടുക്കുന്ന യാത്രക്കാർക്കും ഇൻഡിഗോയുടെ ‘ബ്ലൂചിപ്പ്’ (BluChip) ലോയൽറ്റി പദ്ധതിയിലെ പോയിന്റുകൾ തുടർന്നും സമ്പാദിക്കാനും അവ റീഡീം ചെയ്യാനുമുള്ള അവസരമുണ്ടാകും. എന്നാൽ ചെറിയ കുട്ടികളോടൊപ്പമുള്ള ബുക്കിങ്ങുകൾ, കോർപ്പറേറ്റ് ബുക്കിങ്ങുകൾ, ഗ്രൂപ്പ് ബുക്കിങ്ങുകൾ എന്നിവയ്ക്ക് ഇൻഡിഗോ ലൈറ്റ് നിരക്ക് ബാധകമല്ല. കുറഞ്ഞ ബാഗേജുമായി യാത്ര ചെയ്യുന്നവർക്കും ആവശ്യമുള്ള സേവനങ്ങൾക്ക് മാത്രം പണം നൽകാൻ ആഗ്രഹിക്കുന്നവർക്കുമായി പ്രത്യേകമായി രൂപകൽപ്പന ചെയ്തതാണ് ഈ ഉൽപ്പന്നമെന്നും, യാത്രക്കാർക്ക് കൂടുതൽ ചെലവുകുറഞ്ഞ യാത്രാ ഓപ്ഷനുകൾ ഒരുക്കുകയാണ് ലക്ഷ്യമെന്നും ഇൻഡിഗോയുടെ ചീഫ് സ്ട്രാറ്റജി ഓഫീസർ അലോക് സിംഗ് വ്യക്തമാക്കി.
IndiGo offers huge discount on ticket prices; Those with less baggage can now fly at a lower cost
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





