ഒന്റാരിയോ; കാനഡയിൽ വിദ്യാർഥി വിസയിൽ പഠിച്ചിരുന്ന ഇന്ത്യൻ യുവാവിന്, അമേരിക്കയിലെ വയോധികരെ ലക്ഷ്യമിട്ട് നടത്തിയ കോടിക്കണക്കിന് ഡോളറിന്റെ തട്ടിപ്പ് ശൃംഖലയുമായി ബന്ധപ്പെട്ട കേസിൽ നാല് വർഷം തടവുശിക്ഷ. കാനഡയിൽ വിദ്യാർഥി വിസയിൽ പഠിച്ചിരുന്ന ഇന്ത്യൻ പൗരനായ 22-കാരൻ റോഷൻ ഷായ്ക്കാണ് അമേരിക്കൻ കോടതിയുടെ ശിക്ഷ. കള്ള പണം വെളുപ്പിക്കാൻ ഗൂഢാലോചനയിൽ പങ്കാളിയായെന്ന കുറ്റം തെളിഞ്ഞതിനെ തുടർന്ന് വിസ്കോൺസിന്റെ ഈസ്റ്റേൺ ഡിസ്ട്രിക്ടിലെ ഫെഡറൽ കോടതി 48 മാസത്തെ തടവുശിക്ഷ വിധിച്ചതായി യു.എസ്. അറ്റോർണി ഓഫീസ് അറിയിച്ചു.
അന്വേഷണ വിവരങ്ങൾ പ്രകാരം, റോഷൻ ഷാ വിദ്യാർഥി വിസയിൽ കാനഡയിൽ താമസിക്കുകയായിരുന്നു. തുടർന്ന് സന്ദർശക വിസ ഉപയോഗിച്ചാണ് ഇയാൾ അമേരിക്കയിലെത്തി തട്ടിപ്പിലൂടെ ലഭിച്ച പണവും സ്വർണവും നേരിട്ട് കൈപ്പറ്റിയിരുന്നത്. ഇന്ത്യയിൽ നിന്നുള്ള മറ്റ് പ്രതികൾ അമേരിക്കയിലെ വിവിധ സ്ഥലങ്ങളിലുള്ള ആളുകളെ ഫോണിൽ വിളിച്ച് അവരുടെ തിരിച്ചറിയൽ വിവരങ്ങൾ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിക്കുമായിരുന്നു.
പ്രശ്നം പരിഹരിക്കാനെന്ന പേരിൽ പണമോ സ്വർണമോ ഫെഡറൽ ഏജന്റിന് കൈമാറണമെന്ന് ആവശ്യപ്പെടുകയും, ആ ഉദ്യോഗസ്ഥനായി നടിച്ച് അവ ശേഖരിച്ചത് റോഷൻ ഷായാണെന്നും അധികൃതർ വ്യക്തമാക്കി. റോഷൻ ഷാ കാനഡയിലെ ഏത് പ്രവിശ്യയിലാണ് പഠിച്ചിരുന്നതെന്നോ ഏത് വിദ്യാഭ്യാസ സ്ഥാപനത്തിലാണ് വിദ്യാർഥിയായിരുന്നതെന്നോ അധികൃതർ പുറത്തുവിട്ടിട്ടില്ല. അന്വേഷണത്തിൽ, അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി 15 പേരിൽ നിന്ന് ഇയാൾ 37 ലക്ഷം യു.എസ്. ഡോളറിലധികം സമാഹരിച്ചതായി കണ്ടെത്തി.
2025ൽ വിസ്കോൺസിലെ ന്യൂ ബെർലിനിൽ മറ്റൊരു തട്ടിപ്പ് തുക കൈപ്പറ്റാൻ എത്തിയപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ തട്ടിപ്പിന്റെ ഇരകളിൽ ഭൂരിഭാഗവും പ്രായമായവരും എളുപ്പത്തിൽ ചതിക്കപ്പെടാൻ സാധ്യതയുള്ളവരുമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. അമേരിക്കൻ പൗരന്മാരെ ലക്ഷ്യമിട്ട് രാജ്യത്തിനകത്തും വിദേശത്തും പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘങ്ങൾ ഉയർത്തുന്ന ഭീഷണി ഈ കേസ് വ്യക്തമാക്കുന്നതാണെന്ന് യു.എസ്. അറ്റോർണി ഓഫീസിലെ ഫസ്റ്റ് അസിസ്റ്റന്റ് യു.എസ്. അറ്റോർണി ബ്രാഡ് ഷിമൽ പറഞ്ഞു. ആഭ്യന്തര സുരക്ഷാ വകുപ്പ്, ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ്, ന്യൂ ബെർലിൻ പൊലീസ് വകുപ്പ് എന്നിവ സംയുക്തമായാണ് കേസ് അന്വേഷിച്ചത്.
Indian youth jailed in the US after arriving in Canada on a student visa
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






