ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിലുള്ള ഫോർട്ട് സെന്റ് ജോണിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. ഉജ്ജയിൻ സ്വദേശിയായ ഗുർകിരാത് സിംഗ് മനോച്ച (23) ആണ് കൊല്ലപ്പെട്ടത്. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ഗുർകിരാതിനെ ശനിയാഴ്ച രാത്രി ഒരു സംഘം യുവാക്കൾ മർദ്ദിക്കുകയും തുടർന്ന് വാഹനം ഇടിപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗുർകിരാതിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നോർത്തേൺ ലൈറ്റ്‌സ് കോളേജിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ വിദ്യാർത്ഥിയായിരുന്നു ഗുർകിരാത്. ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ സഹപാഠികൾക്കൊപ്പം പോയ ഗുർകിരാത് അവിടെ നടന്ന ഒരു തർക്കത്തിനിടയിൽ ആക്രമിപ്പക്കപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പത്തോളം യുവാക്കൾ ആക്രമിച്ചതായാണ് ഗുർകിരാതിന്റെ കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ കനേഡിയൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു വർഷം മുൻപാണ് ഗുർകിരാത് ഉന്നത പഠനത്തിനായി കാനഡയിലേക്ക് പോയത്. മകന്റെ ഭൗതികശരീരം എത്രയും വേഗം നാട്ടിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് കുടുംബം അഭ്യർത്ഥിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ ഏകദേശം മൂന്നാഴ്ചയോളം സമയമെടുക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Indian Student Killed By Collegemates In Canada



