കാൽഗറി; ഉന്നതവിദ്യാഭ്യാസവും മെച്ചപ്പെട്ട ഭാവിയും സ്വപ്നം കണ്ട് കാനഡയിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. പോർട്ടേജ് കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (PGWP) കൂട്ടത്തോടെ നിഷേധിച്ചതാണ് പഠനം പൂർത്തിയാക്കിയവർക്ക് വലിയ തിരിച്ചടിയായത്. പഠനത്തിന് ശേഷം ജോലി ചെയ്ത് വിദ്യാഭ്യാസ വായ്പ അടച്ചുതീർക്കാമെന്ന പ്രതീക്ഷയിലായിരുന്ന വിദ്യാർത്ഥികളുടെ ഭാവിയാണ് ഇതോടെ വഴിമുട്ടിനിൽക്കുന്നത്.
ബാങ്ക് വായ്പ തിരിച്ചടയ്ക്കാനായി ഒടുവിൽ ക്രൗഡ് ഫണ്ടിംഗ് വഴി സഹായം തേടുകയാണ് സമീർ ഗർവാൾ എന്ന ഇന്ത്യൻ വിദ്യാർത്ഥി. മൂന്ന് വർഷം മുൻപ് വലിയ സ്വപ്നങ്ങളോടെയാണ് കാനഡയിലേക്ക് വന്നതെന്നും ഇന്ത്യയിൽ നിന്ന് നേരത്തെ തന്നെ ഒരു വലിയ തുക വായ്പയെടുത്തതിനാൽ നിലവിലെ സാഹചര്യത്തിൽ ഇനിയൊരു വായ്പ കൂടി എടുക്കാൻ തനിക്ക് ധൈര്യമില്ലെന്നും സമീർ പറയുന്നു. കനേഡിയൻ ഇമിഗ്രേഷൻ വിഭാഗത്തിന്റെ (IRCC) തീരുമാനത്തിനെതിരെ നിയമപോരാട്ടം നടത്താൻ വൻ തുക ആവശ്യമുള്ളതിനാൽ, നാട്ടിലേക്ക് മടങ്ങുക മാത്രമാണ് തന്റെ മുന്നിലുള്ള ഏക പോംവഴിയെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സമീർ വ്യക്തമാക്കി.
2024-ൽ കാനഡ സർക്കാർ നടപ്പിലാക്കിയ ഇമിഗ്രേഷൻ നിയമമാറ്റമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. ചില കോഴ്സുകൾക്ക് വർക്ക് പെർമിറ്റ് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഈ പുതിയ നിയമം വരുന്നതിന് മുൻപ് തന്നെ കോഴ്സുകളിൽ എൻറോൾ ചെയ്ത വിദ്യാർത്ഥികൾക്കും വർക്ക് പെർമിറ്റ് നിഷേധിക്കപ്പെട്ടതാണ് വിദ്യാർത്ഥികളെ പ്രക്ഷോഭത്തിലേക്ക് തള്ളിയിട്ടത്. നിലവിൽ വിദ്യാർത്ഥികൾ കോളേജിനും കനേഡിയൻ ഇമിഗ്രേഷൻ വകുപ്പിനുമെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.
വിദ്യാർത്ഥികൾക്ക് വർക്ക് പെർമിറ്റ് നിഷേധിച്ച വിഷയത്തിൽ ഇമിഗ്രേഷൻ അധികാരികളിൽ നിന്ന് കൂടുതൽ വ്യക്തത തേടിക്കൊണ്ടിരിക്കുകയാണെന്ന് പോർട്ടേജ് കോളേജ് വൈസ് പ്രസിഡന്റ് ഡോ. ഡോണ ഫെലഡിചുക്ക് വ്യക്തമാക്കി. അതേസമയം, പോർട്ടേജ് കോളേജുമായി പങ്കാളിത്തമുള്ള കാൽഗറിയിലെ ‘കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓസ്റ്റിയോപതിക് തെറാപ്പി’ (CIOT) എന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഡയറക്ടർമാർക്ക് ഇന്ത്യയിലെ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകളുമായി ബന്ധമുണ്ടെന്ന് ജൂനോ ന്യൂസ് റിപ്പോർട്ട് ചെയ്തു. 2013-ൽ പഞ്ചാബിൽ ഇമിഗ്രേഷൻ തട്ടിപ്പ് കേസിൽ അറസ്റ്റിലായ വ്യക്തിയുമായി ഈ സ്ഥാപനത്തിലെ ഭാരവാഹികൾക്ക് പങ്കുണ്ടെന്ന വാർത്തകൾ പുറത്തുവന്നതോടെ വിഷയം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









