ഒട്ടാവ: കാനഡയിലെ കീവാറ്റിൻ-ലെ പാസ് (Keewatin-Le Pas) മെട്രോപൊളിറ്റൻ അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായി ഇന്ത്യൻ വൈദികനായ ഫാ. സുസെ ജെസു OMI യെ പോപ്പ് ലിയോ XIV നിയമിച്ചു. തമിഴ്നാട്ടിലെ പുഷ്പവനം സ്വദേശിയായ ഫാ. സുസെ ജെസുവിന് ലഭിച്ച ഈ നിയമനം ഇന്ത്യൻ കത്തോലിക്കാ സഭയ്ക്ക് അഭിമാനകരമായ നേട്ടമാണ്.
മിഷനറി ഒബ്ലേറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (OMI) സഭാംഗമായ ഫാ. സുസെ ജെസു നിലവിൽ എഡ്മന്റൺ മെട്രോപൊളിറ്റൻ അതിരൂപതയിലെ സേക്രഡ് ഹാർട്ട് ഓഫ് ദി ഫസ്റ്റ് പീപ്പിൾസ് ഇടവക വികാരിയും ഒബ്ലേറ്റ്സ് സഭയുടെ പ്രൊവിൻഷ്യൽ കൗൺസിലറുമായി പ്രവർത്തിച്ചു വരികയായിരുന്നു.
1971 മെയ് 17 ന് പുഷ്പവനത്തിൽ ജനിച്ച ഫാ. സുസെ ജെസു, ബാംഗ്ലൂരിലെ ധർമ്മാരം വിദ്യാക്ഷേത്രത്തിൽ നിന്ന് തത്ത്വശാസ്ത്രവും അഷ്ടയിലെ ക്രിസ്റ്റ് പ്രേമലയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയിൽ നിന്ന് ദൈവശാസ്ത്രവും പഠിച്ചു. ഓട്ടാവയിലെ സെന്റ് പോൾ യൂണിവേഴ്സിറ്റിയിൽ നിന്ന് പാസ്റ്ററൽ കൗൺസിലിംഗിൽ ബിരുദാനന്തര ബിരുദവും നേടി. 2000-ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം മധ്യപ്രദേശ്, തമിഴ്നാട് തുടങ്ങിയ ഇടങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017 മുതൽ എഡ്മന്റണിൽ ഇടവക വികാരിയായി പ്രവർത്തിച്ചു വരികയാണ്. പുതിയ ആർച്ച് ബിഷപ്പിന്റെ നിയമനം കാനഡയിലെ കത്തോലിക്കാ സമൂഹം ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Indian Priest appointed as Archbishop in Canada



