സറേ: ബ്രിട്ടീഷ് കൊളംബിയയിലെ സറിയിൽ കഴിഞ്ഞ ദിവസം വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ വ്യക്തിയെ പോലീസ് തിരിച്ചറിഞ്ഞു. പ്രാദേശിക ബിസിനസ്സുകാരനായ പൽജീന്ദർ ബിന്ദർ സിംഗ് ഗർച്ച (46) ആണ് കൊല്ലപ്പെട്ടതെന്ന് ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം (IHIT) സ്ഥിരീകരിച്ചു. സംഭവത്തിന് നിലവിലെ ഗുണ്ടാ സംഘർഷങ്ങളുമായിബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സറിയിലെ 176 സ്ട്രീറ്റിലെ 3500 ബ്ലോക്കിലാണ് പൽജീന്ദർ ഗർച്ചയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹം നടത്തിയിരുന്ന ഒരു വെഡിങ് വെന്യൂവിന് സമീപമാണ് വെടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തിയ മെഡിക്കൽ സംഘം അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സ്ഥിരീകരിച്ചു.
കൊലപാതകം നടന്ന സ്ഥലത്തിന് അഞ്ച് കിലോമീറ്റർ അകലെ 40 അവന്യൂവിൽ ഒരു വാഹനം കത്തിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തിന് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ് കരുതുന്നു. സാധാരണയായി ഗുണ്ടാസംഘങ്ങൾ കൃത്യത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ വാഹനം കത്തിക്കാറുണ്ടെങ്കിലും, ഗർച്ചയ്ക്ക് ക്രിമിനൽ പശ്ചാത്തലമില്ലാത്തത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്.
ഗർച്ചയ്ക്ക് ശത്രുക്കളാരും ഉണ്ടായിരുന്നില്ലെന്നാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും പറയുന്നത്.അടുത്തിടെ കാനഡയിലെ സൗത്ത് ഏഷ്യൻ ബിസിനസ്സുകാരെ കേന്ദ്രീകരിച്ചു നടക്കുന്ന പണം തട്ടൽ ഭീഷണികളുമായി ഇതിന് ബന്ധമുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
സംഭവസമയത്ത് ആ പ്രദേശത്തുണ്ടായിരുന്നവരോ, ഡാഷ് ക്യാം ദൃശ്യങ്ങളോ സിസിടിവി ദൃശ്യങ്ങളോ കൈവശമുള്ളവരോ ഉടൻ തന്നെ IHIT അധികൃതരുമായി (1-877-551-4448) ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Indian-origin man shot dead in Surrey; investigation underway



