ബ്രാംപ്ടൺ: ബ്രാംപ്ടണിൽ മോഷണ ട്രക്കുമായി പോലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച ഇന്ത്യക്കാരൻ അറസ്റ്റിൽ. 42 കാരനായ നിർമ്മൽ സിംഗ് എന്ന ഇന്ത്യൻ വംശജനാണ് പിടിയിലായത്. ഡിസംബർ 22-ന് നടന്ന ഈ സംഭവത്തിൽ പോലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച ഇയാളെ സാഹസികമായ പിൻതുടർന്നാണ് പീൽ പോലീസ് പിടികൂടിയത്. കാനഡയിലുടനീളം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കപ്പെട്ട വ്യക്തിയാണ് പിടിയിലായ നിർമ്മൽ സിംഗ്.
ബ്രാംപ്ടണിലെ ഒരു റിപ്പയർ ഷോപ്പിൽ നിന്ന് മോഷ്ടിച്ച സെമി ട്രെയിലർ ട്രക്കുമായി നിർമ്മൽ സിംഗ് വരുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് വാഹനം നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ നിർത്താൻ തയ്യാറാകാതിരുന്ന ഇയാൾ പോലീസിന്റെ ക്രൂയിസറിൽ ട്രക്കിടിച്ച് വൻ നാശനഷ്ടങ്ങൾ വരുത്തുകയായിരുന്നു. ഇടിച്ചതിനെത്തുടർന്ന് ട്രക്ക് പ്രവർത്തിക്കാതായതോടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് പിടികൂടി. ഇയാൾ ഓടിച്ചിരുന്ന ട്രക്കിനൊപ്പം ഹാൽട്ടൺ മേഖലയിൽ നിന്ന് മോഷ്ടിച്ച മറ്റൊരു ട്രെയിലറും ഘടിപ്പിച്ചിട്ടുണ്ടായിരുന്നു.
മോഷണമുതൽ കൈവശം വെക്കൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, പോലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കൽ, മോഷണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ കൈവശം വെക്കൽ തുടങ്ങി പത്തിലധികം ഗൗരവകരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് എട്ട് കുറ്റങ്ങൾ വേറെയും ചുമത്തിയിട്ടുണ്ട്. ഇയാളെ നിലവിൽ കോടതിയിൽ ഹാജരാക്കി.
അടുത്ത കാലത്തായി കാനഡയിലും അമേരിക്കയിലും ഇന്ത്യൻ വംശജരായ ട്രക്ക് ഡ്രൈവർമാർ ഉൾപ്പെടുന്ന അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പോലീസ് കർശനമായ പരിശോധനകളാണ് നടത്തിവരുന്നത്. വ്യാജ ലൈസൻസുകൾ നൽകുന്ന സംഘങ്ങൾക്കെതിരെയും അധികൃതർ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Indian-origin driver with suspended license crashes stolen truck into cop cruiser in Canada



