ജോർജിയ: അമേരിക്കയിൽ കുടുംബവഴക്കിനെ തുടർന്ന് ഇന്ത്യൻ വംശജയായ മുതിർന്ന വനിതാ ഐടി ഉദ്യോഗസ്ഥയെ ഭർത്താവ് വെടിവെച്ചു കൊലപ്പെടുത്തി. പ്രമുഖ ആഗോള സാങ്കേതിക കമ്പനിയായ ഗൂഗിളിലെ സീനിയർ എൻജിനീയറും എൻജിനീയറിങ് ലീഡറുമായ ശീതൾ വ്രസെയിൻ (57) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഇവരുടെ മകനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ശീതളിന്റെ ഭർത്താവ് കിർക് വ്രസെയിനെ പോലീസ് അറസ്റ്റ് ചെയ്തു. ജോർജിയയിലെ കോബ് കൗണ്ടിയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. ദമ്പതികൾ തമ്മിലുണ്ടായ കടുത്ത തർക്കമാണ് വെടിവെയ്പ്പിൽ കലാശിച്ചതെന്ന് പ്രാദേശിക പോലീസ് വിശദീകരിച്ചു.
വീടിന് വെളിയിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയ മകൻ ജേസൺ വ്രസെയിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശീതളിനെ വീടിനകത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയായ കിർകിനെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഐടി മേഖലയിൽ ഇരുപത് വർഷത്തിലേറെ നീണ്ട പ്രവർത്തന പരിചയമുള്ള ശീതൾ, ആഗോള സാങ്കേതിക ഭീമന്മാരായ ഗൂഗിളിന്റെ സുപ്രധാന വിഭാഗങ്ങൾക്കാണ് നേതൃത്വം നൽകിയിരുന്നത്. ഇവരുടെ അപ്രതീക്ഷിത വിയോഗം കമ്മ്യൂണിറ്റിയിലും ഐടി മേഖലയിലും വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
യു.എസ്.എയിലേക്ക് കുടിയേറുന്നതിന് മുൻപ് ഇന്ത്യ, ഇംഗ്ലണ്ട്, ഘാന എന്നീ രാജ്യങ്ങളിൽ ശീതൾ താമസിച്ചിരുന്നു. 1994-ൽ പ്രശസ്തമായ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നാണ് ഇവർ കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയത്. ഗൂഗിളിൽ ചേരുന്നതിന് മുൻപ് പ്രമുഖ റീട്ടെയിൽ ശൃംഖലയായ ‘ഹോം ഡിപ്പോ’യുടെ ഇ-കൊമേഴ്സ് ബിസിനസിന്റെ മൊബൈൽ, ഡിജിറ്റൽ പ്രവർത്തനങ്ങൾക്ക് തന്ത്രപരമായ നേതൃത്വം നൽകിയതും ശീതളായിരുന്നു. പ്രതിയായ കിർക് വ്രസെയിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
Indian-origin Google senior engineer shot dead by husband; son injured
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





