ഇന്ത്യയിലെയും കാനഡയിലെയും മധ്യവർഗ ജീവിതസൗകര്യങ്ങളെ താരതമ്യം ചെയ്തുകൊണ്ട് വിശാൽ എന്ന ഇന്ത്യൻ യുവാവ് പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വലിയ സംവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഇന്ത്യയിലെ നഗരങ്ങളിലെ കഠിനമായ ജീവിതസാഹചര്യങ്ങളേക്കാൾ പത്തിരട്ടി മികച്ചതാണ് കാനഡയിലെ ജീവിതമെന്നാണ് വീഡിയോയുടെ ക്യാപ്‌ഷനിൽ വിശാൽ അവകാശപ്പെടുന്നത്.
തന്റെ ദൈനംദിന ജീവിതം പകർത്തിക്കൊണ്ട് വിശാൽ പങ്കുവെച്ച വീഡിയോയിൽ പ്രധാനമായും ഊന്നൽ നൽകുന്നത് ഇന്ത്യൻ മെട്രോ നഗരങ്ങളിൽ പതിവായ ശബ്ദമലിനീകരണത്തെക്കുറിച്ചാണ്. ഇന്ത്യയിലെ നിർത്താതെയുള്ള ഹോൺ മുഴക്കങ്ങളിൽ നിന്ന് വ്യത്യസ്തമായി കാനഡയിൽ ശാന്തമായ അന്തരീക്ഷമാണെന്നും, കിളികളുടെ ശബ്ദം കേൾക്കാനും ശുദ്ധവായു ശ്വസിക്കാനും സാധിക്കുന്നത് അവിടെ ഒരു സാധാരണ കാര്യമാണെന്നും അദ്ദേഹം പറയുന്നു.
ഈ അവകാശവാദങ്ങൾ പുറത്തുവന്നതോടെ വീഡിയോയ്ക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. കാനഡയിലെ ജീവിതനിലവാരം ഇന്ത്യയേക്കാൾ വളരെ ഉയർന്നതാണെന്നും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ വിശാൽ പറഞ്ഞത് പച്ചയായ സത്യമാണെന്നും ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെട്ടു. എന്നാൽ ജീവിതനിലവാരം എന്നത് വെറും സൗകര്യങ്ങൾ മാത്രമല്ലെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. കാനഡയിലെ വർധിച്ചുവരുന്ന ജീവിതച്ചെലവ്, കഠിനമായ ശൈത്യകാലം, കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകന്നു കഴിയുന്നതിന്റെ ഏകാന്തത എന്നിവ പലരും മറുപടിയായി ചൂണ്ടിക്കാട്ടി.
കാനഡയിൽ നല്ല റോഡുകൾ ഉണ്ടാകാം, പക്ഷേ ഇന്ത്യയിലെ ഊഷ്മളമായ ബന്ധങ്ങളും അവസരങ്ങളും അവിടെ ലഭിക്കില്ലെന്നായിരുന്നു ഒരാളുടെ കമന്റ്. സമാധാനവും ശുദ്ധവായുവും പ്രധാനമാണെങ്കിലും പ്രിയപ്പെട്ടവർക്കൊപ്പം ജീവിക്കുന്നതിനാണ് താൻ മുൻഗണന നൽകുന്നതെന്ന് മറ്റൊരാളും കുറിച്ചു. അടിസ്ഥാന സൗകര്യങ്ങൾ വേണോ അതോ വൈകാരികമായ സുരക്ഷിതത്വം വേണോ എന്ന കാര്യത്തിൽ പ്രവാസികൾക്കിടയിൽ ഈ വീഡിയോ വലിയൊരു ചർച്ചയ്ക്കാണ് ഇപ്പോൾ വഴിതുറന്നിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Indian Man’s Comparison Of Middle-Class Life In Canada Versus India Triggers Debate



